തിരുവനന്തപുരം: നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനമായ എയ്‌റോബിക് ബിന്നുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നഗരത്തിലെ മറ്റ് റസിഡന്റ്സ് അസോസിയേഷനുകൾക്ക് മാതൃകയാണെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. നഗരസഭ ജേർണലിസ്റ്റ് കോളനിയിൽ പൂർത്തിയാക്കിയ എയ്‌റോബിക് ബിന്നുകളും എം.ആർ.എഫും അടങ്ങിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ എയ്‌റോബിക് ബിന്നുകൾ സ്ഥാപിച്ച് പരിപാലിക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകൾ നേതൃത്വം നൽകണമെന്നും മേയർ കൂട്ടിച്ചേർത്തു. ചടങ്ങിൽ മഞ്ജുള, ഗോപകുമാർ എന്നിവരെ ആദരിച്ചു. എയ്‌റോബിക് ബിന്നുകളിൽ നിന്ന് ലഭിക്കുന്ന ജൈവവളം പ്രയോജനപ്പെടുത്തി കോളനിയിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന കോളനി അസോസിയേഷൻ ഭാരവാഹികളുടെ പ്രഖ്യാപനത്തിന് നഗരസഭയുടെ എല്ലാ പിന്തുണയും മേയർ വാഗ്ദാനം ചെയ്തു. ജേർണലിസ്റ്റ് കോളനിയിൽ പ്രവർത്തിച്ചുവന്നിരുന്ന രണ്ട് എയ്‌റോബിക് ബിന്നുകൾ പ്രദേശത്തെ ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് തികയാതെ വന്ന സാഹചര്യത്തിലാണ് പുതിയതായി രണ്ട് എയ്‌റോബിക് ബിന്നുകൾ കൂടി സ്ഥാപിച്ചത്. ഇതോടെ ജേർണലിസ്റ്റ് കോളനിയിലെ ജൈവമാലിന്യ പ്ലാന്റിന്റെ ശേഷി 10000 കിലോഗ്രാമായി വർദ്ധിച്ചു. അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനായി ഏകദേശം 300 സ്‌ക്വയർ അടി വിസ്‌തീർണമുള്ള എം.ആർ.എഫും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ. ദിനേശ്കുമാർ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനചന്ദ്രൻ, അസോസിയേഷൻ പ്രസിഡന്റ് വി.വി. വേണുഗോപാൽ, സെക്രട്ടറി സാബു ജോൺ തുടങ്ങിയവർ സംസാരിച്ചു.