ഷാർജ : ആദ്യമത്സരത്തിലെ അതുല്യ വിജയം രണ്ടാം മത്സരത്തിലെ അർഹിക്കാത്ത തോൽവി. ഇതിന് രണ്ടിനുമിടയിൽ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ പ്രീക്വാർട്ടറിലേക്ക് കടക്കാൻ ഇന്ത്യയ്ക്ക് ഇന്നൊരു സമനിലയെങ്കിലും വേണം.
പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റെനിന്റെ കീഴിൽ ഏറെ പ്രതീക്ഷകളുമായെത്തിയ ഇന്ത്യൻ ഫുട്ബാൾ ടീം നോക്കൗട്ടിൽ കണ്ണുംനട്ട് ഇന്ന് എ.എഫ്.സി ഏഷ്യൻകപ്പിന്റെ എ ഗ്രൂപ്പിലെ അവസന മത്സരത്തിനിറങ്ങുകയണ്. ആദ്യമത്സരത്തിൽ 4-1ന് തായ്‌ലൻഡിനെ തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ യു.എ.ഇയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽക്കുകയായിരുന്നു. നാല് പോയിന്റുമായി ഗ്രൂപ്പിൽ യു.എ.ഇയാണ് മുന്നിൽ. മൂന്ന് പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്താണ്. കഴിഞ്ഞദിവസം ബഹ്റിനെ തോൽപ്പിച്ചു തായ്ലൻഡ് മൂന്ന് പോയിന്റുമായി മൂന്നാമതുണ്ട്. ബഹ്റിന് ആദ്യമത്സരത്തിലെ സമനില ഒരുപോയിന്റ് നൽകിയിട്ടുണ്ട്. ആറ് ഗ്രൂപ്പുകളായി 24 ടീമുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ 16 ടീമുകളാണ് പ്രീക്വാർട്ടർ ഫൈനലിലെത്തുന്നത്. ഒാരോഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ പ്രീക്വാർട്ടറിലെത്തും. ആറ് ഗ്രൂപ്പുകളും കൂട്ടിച്ചേർത്ത് ഏറ്റവും മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കും പ്രീക്വാർട്ടറിനവകാശമുണ്ട്. ഇന്ന് ബഹ്റിനെ ഇന്ത്യ സമനിലയിൽ പിടിച്ചാൽ യു.എ.ഇ തായ്ലൻഡ് മത്സരത്തിന്റെ ഫലം എന്തായാലും മൂന്നാംസ്ഥാനക്കാരുടെ പട്ടികയിലെങ്കിലും ഇന്ത്യ പ്രീക്വാർട്ടറിലെത്തും.
ടൂർണമെന്റിൽ ഇതുവരെയുള്ള പ്രകടനം ഇന്ത്യയ്ക്ക് ആവേശം നൽകുന്നുണ്ട്. തായ്ലൻഡിനെതിരെ പുറത്തെടുത്തതിനെക്കാൾ മികച്ചതായിരുന്നു യു.എ.ഇയ്ക്ക് എതിരെയുള്ള ഇന്ത്യയുടെ ആവേശം. എന്നാൽ നിർഭാഗ്യം തോൽവിയിലേക്കുള്ള വഴിതുറന്നു. ഛെത്രി, ആഷിഖ് കുരുണിയൻ, ഉദാന്ത സിംഗ് എന്നിവരുടെ പരിശ്രമങ്ങൾ പലതും തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. റാങ്കിംഗിൽ മുന്നിലുള്ള യു.എ.ഇയെ മത്സരത്തിലുടനീളം വിരട്ടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇൗ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ ബഹ്റിനെ കീഴടക്കാം എന്നു തന്നെയാണ് ഇന്ത്യൻ പ്രതീക്ഷകൾ.
ഇന്ന് തോൽക്കാതിരിക്കാനാണ് ഇന്ത്യ കൂടുതൽ ശ്രദ്ധിക്കുക. അതിനാൽ പ്രതിരോധാത്മക ഗെയിം ഇന്ത്യ പുറത്തെടുത്താലും അതിശയിക്കേണ്ടതില്ല. ശാരീരിക മികവിൽ ഇന്ത്യയെക്കാളേറെ മുന്നിൽ നിൽക്കുന്ന ടീമാണ് ബഹ്റിൻ. തായ്ലൻഡിനും യു.എ.ഇയ്ക്കും എതിരെ 4-4-2 എന്ന ശൈലിയാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രയോഗിച്ചത്. സുനിൽ ഛെത്രിയും ആഷിഖ് കുരുണിയനുമാണ് മുന്നേറ്റത്തിലുണ്ടാവുക. മിഡ്ഫീൽഡറായ ആഷിഖിനെ മുന്നേറ്റത്തിലേക്ക് മാറ്റിയ കോച്ചിന്റെ തന്ത്രം വിജയകരമായിരുന്നു. ജെജെലാൽ പെഖുല ഇന്നും പകരക്കാരനായി ഇറങ്ങാനാണ് സാദ്ധ്യത.
പ്രതിരോധമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. സെൻട്രൽ ഡിഫൻഡർമാരായ അനസ് എടത്തൊടികളും സന്ദേശ് ജിംഗനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർക്കിടയിലെ കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണ് യു.എ.ഇയ്ക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളുകൾക്കും വഴിവച്ചത്. ഡിഫൻസീവ് മിഡ് ഫീൽഡർ പ്രണോയ് ഹാൽദർക്ക് പകരം ഇന്ന് റൗളിൻ ബോർഗസിനെ കളിപ്പിച്ചേക്കും. വിംഗർ ഉദാന്തസിംഗിന്റെ പ്രകടനമാണ് മദ്ധ്യനിരയിൽ ഇന്ത്യയുടെ ആക്രമണങ്ങൾക്ക് ശക്തി പകരുന്നത്.
പ്രീക്വാർട്ടർ മുന്നിൽക്കണ്ടാണ് ബഹ്റിനും ഇന്ന് ഇറങ്ങുക. അവർക്ക് വിജയം മാത്രമേ പ്രീക്വാർട്ടറിലേക്ക് വാതിൽ തുറക്കൂ.
അതിനാൽ കടുത്ത പോരാട്ടംതന്നെ ഇന്ത്യ നേരിടേണ്ടിവരും.
7
മത്സരങ്ങളാണ് ഇരുടീമുകളും തമ്മിൽ ഇതുവരെ കളിച്ചിട്ടുള്ളത്.
5
കളികളും ജയിച്ചത് ബഹ്റിനാണ്.
1
മത്സരത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഒരു മത്സരം സമനിലയിലായി.
1979
ൽ ഒരു സൗഹൃദ മത്സരത്തിലാണ് ഇന്ത്യ ബഹ്റിനെ തോൽപ്പിച്ചത്. 2-0 ത്തിനായിരുന്നു ഇന്ത്യയുടെ ജയം. ഷബീർ അലിയാണ് അന്ന് രണ്ട് ഗോളുകളും നേടിയത്.
2011
ലെ ഏഷ്യൻ കപ്പിൽ ബഹ്റിൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. 5-2 നായിരുന്നു ബഹ്റിന്റെ വിജയം.
ഗ്രൂപ്പ് എ പോയിന്റ് നില
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് എന്ന ക്രമത്തിൽ)
യു.എ.ഇ 2-1-1-0-4
ഇന്ത്യ 2-1-0-1-3
തായ്ലൻഡ് 2-1-0-1-3
ബഹ്റൻ 2-0-1-1-1
കളി ഇതുവരെ
ഇന്ത്യ
4-1ന് തായ്ലൻഡിനെ തോൽപ്പിച്ചു
0-2ന് യു.എ.ഇയോട് തോറ്റു
ബഹ്റിൻ
1-1ന് യു.എ.ഇയോട് സമനില
0-1ന് തായ്ലൻഡിനോട് തോൽവി.
113 vs 97
പശ്ചിമേഷ്യൻ രാജ്യമായ ബഹ്റിൻ ഫിഫ റാങ്കിംഗിൽ 113-ാം സ്ഥാനത്താണ്. ഇന്ത്യ 97-ാം റാങ്കിലും.
നോക്കൗട്ടിൽ ആദ്യം
ഇന്ന് വിജയിച്ചാൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പിന്റെ നോക്കൗട്ടിലെത്താനാകും.
1964 ലെ ഏഷ്യൻ കപ്പിൽ ഇന്ത്യ റണ്ണർ അപ്പുകളായിരുന്നുവെങ്കിലും അന്ന് നോക്കൗട്ട് റൗണ്ട് ഉണ്ടായിരുന്നില്ല. നാല് രാജ്യങ്ങൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ച് പോയിന്റ് നിലയിൽ മുന്നിലെത്തിയ രണ്ട് ടീമുകൾ ഫൈനലിൽ മത്സരിക്കുകയായിരുന്നു.
1984 ലും 2011 ലും ഏഷ്യൻ കപ്പിൽ മത്സരിച്ച ഇന്ത്യയ്ക്ക് പ്രീക്വാർട്ടർ കാണാതെ പുറത്ത് പോകേണ്ടിവന്നിരുന്നു.
ബൂട്ടിയയ്ക്കൊപ്പം എത്താൻ
ഛെത്രി
ഇന്നത്തെ മത്സരത്തോടെ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ബെയ്ച്ചംഗ് ബൂട്ടിയയുടെ (107) റെക്കാഡിനൊപ്പമെത്താൻ സുനിൽ ഛെത്രിക്ക് കഴിയും. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിന്റെ റെക്കാഡ് ഛെത്രിക്കാണ്.
ടി.വി ലൈവ്
ഇന്ത്യ Vs ബഹ്റിൻ
യു.എ.ഇ Vs തായ്ലൻഡ്
(രാത്രി 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ)