തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകളിലേക്ക് മുന്നണി നേതൃത്വങ്ങൾ കടന്നിട്ടില്ലെങ്കിലും ഘടകകക്ഷികൾ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും സീറ്റുകൾക്ക് അവകാശവാദം ഉന്നയിച്ച് തുടങ്ങി. ഘടകകക്ഷികളുടെ ആവശ്യങ്ങൾ തലവേദന സൃഷ്ടിക്കാതെ പരിഹരിക്കാനുള്ള ഫോർമുലകൾക്ക് മുന്നണി നേതൃത്വങ്ങളും അണിയറയിൽ ആലോചന തുടങ്ങിയതോടെ സംസ്ഥാനം തിരഞ്ഞെടുപ്പ് ഓളങ്ങളിലേക്ക് നീങ്ങുകയാണ്.
ഈ മാസം 17ന് എൽ.ഡി.എഫും യു.ഡി.എഫും ചേരുന്നത് പ്രധാനമായും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിക്കാനാണ്.
കോൺഗ്രസിൽ ഫെബ്രുവരിയിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന് നേതാക്കൾ അറിയിക്കുകയും താഴേക്കിടയിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തതോടെ യു.ഡി.എഫ് ഘടകകക്ഷികൾ സീറ്റ് വിഭജനചർച്ച ആവശ്യപ്പെട്ടുകഴിഞ്ഞു. 17ന് ചേരുന്ന യോഗത്തിൽ ഇതിന് ഔപചാരിക തുടക്കമിടുമെന്ന് ഘടകകക്ഷി നേതാക്കൾ അറിയിച്ചു.
എൽ.ഡി.എഫ് യോഗം പുതുതായി മുന്നണിയിലെത്തിയ ഘടകകക്ഷികൾക്ക് വരവേല്പ് നൽകുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ആലോചിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനതല പ്രചരണജാഥ അന്ന് തീരുമാനിക്കും. സീറ്റ് വിഭജന ചർച്ച ആ യോഗത്തിലുണ്ടാവില്ല. ഇടതുമുന്നണിയിലെ രീതിയനുസരിച്ച് ഘടകകക്ഷികൾ ഓരോരുത്തരായി സി.പി.എം നേതൃത്വവുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തുന്നത്. ഇതുപ്രകാരം ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാനുള്ള തീരുമാനം അന്നുണ്ടായേക്കും.
യു.ഡി.എഫിൽ കോൺഗ്രസ് 15 സീറ്റിലും ലീഗ് രണ്ടിലും മാണി, ആർ.എസ്.പി, എം.പി. വീരേന്ദ്രകുമാറിന്റെ പഴയ ജനതാദൾ വിഭാഗം എന്നിവ ഓരോ സീറ്റിലുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. വീരേന്ദ്രകുമാർ മുന്നണി വിട്ട സാഹചര്യത്തിലാണ് ജേക്കബ് ഗ്രൂപ്പടക്കം ആവശ്യം ശക്തമാക്കുന്നത്.
എൽ.ഡി.എഫിൽ സി.പി.എം 15സീറ്റിലും സി.പി.ഐ നാലും ജനതാദൾ-എസ് ഒന്നും സീറ്റുകളിലാണ് കഴിഞ്ഞതവണ മത്സരിച്ചത്. ജനതാദളിന്റെ രണ്ട് ഗ്രൂപ്പുകളുള്ളതിനാൽ ഒരു വിഭാഗത്തിനേ സീറ്റ് കിട്ടാനിടയുള്ളൂവെന്ന് സൂചനയുമുണ്ട്.
യു. ഡി. എഫിൽ
മുസ്ലിംലീഗ് മൂന്നാമതൊരു സീറ്റും മാണി ഗ്രൂപ്പ് രണ്ടാമതൊരു സീറ്റും ജേക്കബ് ഗ്രൂപ്പ് ഒരു സീറ്റുമാണ് ചോദിച്ചിട്ടുള്ളത്. കോഴിക്കോട്, വടകര, വയനാട് സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. വയനാടോ ഇടുക്കിയോ വേണമെന്ന് മാണിയും ഇടുക്കി വേണമെന്ന് ജേക്കബ് ഗ്രൂപ്പും ആവശ്യപ്പെടുന്നു.
എൽ. ഡി. എഫിൽ
എൽ.ഡി.എഫിൽ പുതുതായെത്തിയ ലോക്‌താന്ത്രിക് ജനതാദളിന് വടകരയോ കോഴിക്കോടോ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയമോ ഇടുക്കിയോ ആഗ്രഹിക്കുന്നു. ഐ.എൻ.എൽ മലപ്പുറമോ പൊന്നാനിയോ ആഗ്രഹിക്കുന്നു. ഇവരാരും ഔപചാരികമായി സീറ്റ് ചോദിച്ചിട്ടില്ല. എൻ.സി.പി ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണവരുടെ കണ്ണ്.
എൻ. ഡി. എയിൽ
എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് എട്ട് സീറ്റുകളാണ് ചോദിച്ചിട്ടുള്ളത്. അവർക്ക് മാന്യമായ പരിഗണന നൽകുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നതെങ്കിലും അന്തിമതീരുമാനം പ്രഖ്യാപിക്കേണ്ടത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. ഇക്കാര്യത്തിൽ ഏകദേശ ധാരണയായെന്നാണ് നേതാക്കൾ പറയുന്നത്. കേരള കോൺഗ്രസ്-പി.സി. തോമസ് വിഭാഗവും കോട്ടയം സീറ്റിനായി രംഗത്തുണ്ട്.