australian-open-tennis
australian open tennis

മെൽബൺ : സീസണിലെ ആദ്യഗ്രാൻസ്ളാം ടൂർണമെന്റായ ആസ്ട്രേലിയൻ ഒാപ്പണിന് ഇന്ന് മെൽബൺ പാർക്കിൽ തുടക്കമാകും. ടൂർണമെന്റിന്റെ 107-ാം പതിപ്പാണിത്. ഒാപ്പൺ കാലഘട്ടത്തിലെ 51-ാമത്തേതും.

പ്രൊഫഷണൽ ടെന്നിസിലെ മുൻനിര താരങ്ങളൊക്കെ ഗ്രാൻസ്ളാം സ്വപ്നങ്ങളുമായി കോർട്ടിലിറങ്ങുന്നുണ്ട്. പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡററർ, നിലവിലെ ലോക ഒന്നാം നമ്പർ നൊവാക്ക് ജോക്കോവിച്ച് , പരിക്കിന്റെ പിടിയിലുള്ള റാഫേൽ നദാൽ, ഇൗവർഷം വിരമിക്കുമെന്ന പ്രഖ്യാപനത്തോടെ ശ്രദ്ധേയനായ ആൻഡി മുറെ തുടങ്ങിയവരാണ് മുൻ നിരക്കാർ.

വനിതാ വിഭാഗത്തിൽ അമ്മയായ ശേഷം ആദ്യ ഗ്രാൻസ്ളാം നേടാനിറങ്ങുന്ന സെറീന വില്യംസ്, നിലവിലെ ചാമ്പ്യൻ കരോളിൻ വൊസ്‌നിയാക്കി, മരിയ ഷറപ്പോവ, ജൂലിയ ജോർജസ്, സ്ളൊളാനേ സ്റ്റീഫൻസ്, ഏൻജലിക് കെർബർ, വീനസ് വില്യംസ്, നവോമി ഒസാക്ക, പെട്ര ക്വിറ്റോവ തുടങ്ങിയവർ അണിനിരക്കുന്നു.

ഇന്നത്തെ പ്രധാന മത്സരങ്ങൾ

മരിയ ഷറപ്പോവ Vs ഹാരിയറ്റ് ഡാർട്ട്

റാഫേൽ നദാൽ Vs ജെയിംസ് ഡക്കിൾത്ത്

ഏൻജലിക് കെർബർ Vs പൊളോന വെർകോഗ്

വൊസ്നിയാക്കി Vs മാൻ ഉയ്‌ത്‌വാങ്ക്

റോജർ ഫെഡറർ Vs ഡെനിസ് ഇസ് തോമിൻ

ആൻഡി മുറെ Vs ബാറ്റിസ്റ്റ്യൂട്ട അഗുട്ട്

പ്രജ്‌നേഷ്- ഇന്ത്യൻ പ്രതീക്ഷ

ഇത്തവണ ആസ്ട്രേലിയൻ ഒാപ്പൺ പുരുഷ സിംഗിൾസ് മെയിൻ ഡ്രോയിലേക്ക് ഇന്ത്യൻ താരമായ പ്രജ്നേഷ് ഗുണേശ്വരൻ എത്തിയിട്ടുണ്ട്. ക്വാളിഫിക്കേഷൻ റൗണ്ട് വിജയിച്ചാണ് പ്രജ്നേഷ് എത്തിയിരിക്കുന്നത്. 2013 ൽ സോംദേവ് ദേവ് വർമ്മന് ശേഷം യുകി ബാംബ്രി മാത്രമേ ഗ്രാൻസ്ളാമിൽ ഇന്ത്യക്കാരനായി കളിച്ചിട്ടുള്ളൂ. ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിൽ 112-ാം റാങ്കുകാരനായ പ്രജ്നേഷ് 39-ാം റാങ്കുകാരനായ ഫ്രാൻസിന്റെ ടിയാഫോയെയാണ് നേരിടുന്നത്.

20

ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള ഫെഡററാണ് ആസ്ട്രേലിയൻ ഒാപ്പണിൽ നിലവിലെ ചാമ്പ്യൻ. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഫെഡറർ ആസ്ട്രേലിയൻ ഒാപ്പൺ ചാമ്പ്യനായിരുന്നു. ആകെ ആറ് തവണ ഫെഡറർ ഇവിടെ ചാമ്പ്യനായിരുന്നു. കഴിഞ്ഞവർഷം മാരിൻ സിലിച്ചിനെ കീഴടക്കിയാണ് ഫെഡറർ കിരീടം ചൂടിയത്.

ടൈ ബ്രേക്കർ റൂൾ

ഫൈനൽ സെറ്റിൽ പുതിയ ടൈ ബ്രേക്കർ നിയമമാണ് ഇത്തവണ. അവസാന സെറ്റിൽ 6-6ന് തുല്യത വന്നാൽ ഏറ്റവും ആദ്യം രണ്ട് പോയിന്റ് വ്യത്യാസത്തിൽ 10 പോയിന്റിലെത്തുന്നയാൾ വിജയിക്കും.