തിരുവനന്തപുരം:സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ എസ്. എൻ. ഡി. പി. യോഗം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
ഐരാണിമുട്ടം എസ്. എൻ. ഡി. പി യോഗം ശാഖയുടെ നവീകരിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക സംവരണം വോട്ട് ബാങ്കിന് വേണ്ടി കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസും ബി.ജെ.പിയും പണ്ടേ ഒരേ പാളയത്തിലാണെന്നും ഇപ്പോൾ അവർ ഒന്നുകൂടി അടുക്കുക മാത്രമാണ് ചെയ്തതെന്നും പിന്നീട് കൈതമുക്ക് എസ്. എൻ. ഡി. പി. യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ ഓഫീസിൽ വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക സംവരണ ബിൽ കൊണ്ടുവന്നതോടെ എൻ.എസ്.എസ് പൂർണമായി ബി.ജെ.പിക്ക് കീഴടങ്ങി. എൻ.എസ്.എസിന്റെ സമദൂരം ജനങ്ങളെ കബളിപ്പിക്കാനും കാര്യങ്ങൾ നേടിയെടുക്കാനും മാത്രമുള്ളതാണ്. ബി.ജെ.പിയും എൻ.എസ്.എസും അണ്ണനും തമ്പിയും പോലെയാണ്. താഴ്ന്ന ജാതിക്കാരും പിന്നാക്കക്കാരും നന്നായി നടന്നാൽ സവർണ വിഭാഗത്തിന് പിടിക്കില്ല. ഈഴവർ ചെത്തുജോലി മാത്രം ചെയ്‌ത് ജീവിച്ചാൽ മതിയെന്നാണ് അവരുടെ വിചാരമെന്നും വെള്ളാപ്പള്ളി പറഞ്ഞു.