ദുബായ് : ആസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പാർട്ട് ടൈം സ്പിന്നർ അമ്പാട്ടി റായ്ഡുവിന്റെ ബൗളിംഗ് ആക്ഷനിൽ സംശയമുണ്ടെന്ന് അമ്പയർമാർ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് റിപ്പോർട്ട് ചെയ്തു.
മത്സരത്തിൽ രണ്ട് ഒാവറുകൾ ബൗൾ ചെയ്ത അമ്പാട്ടി 13 റൺസ് വഴങ്ങിയിരുന്നു. 14 ദിവസത്തിനകം ബൗളിംഗ് ആക്ടർ പരിശോധനയ്ക്ക് അമ്പാട്ടി വിധേയനാകണമെന്ന് ഐ.സി.സി അറിയിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവരുന്നതുവരെ അമ്പാട്ടിക്ക് ബൗളിംഗ് തുടരാം.
46 ഏകദിനങ്ങൾ കളിച്ചിട്ടുള്ള 33 കാരനായ അമ്പാട്ടി റായ്ഡു ആകെ 20.1 ഒാവർ മാത്രമാണ് ബൗൾ ചെയ്തിട്ടുള്ളത്. 41.33 ശരാശരിയിൽ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 6 ട്വന്റി 20കളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞെങ്കിലും അവയിലൊന്നിലും ബൗൾ ചെയ്തിട്ടില്ല.
ആസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിംഗിലും അമ്പാട്ടി പരാജയമായിരുന്നു. നേരിട്ട രണ്ടാം പന്തിൽ തന്നെ ഡക്കായി മടങ്ങിയിരുന്നു.
ശുഭ്മാൻ ഗില്ലും
വിജയ് ശങ്കറും ടീമിൽ
മുംബയ് : ടിവി ചാനൽ ടോക് ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ തുടർന്ന് തിരിച്ചുവിളിക്കപ്പെട്ട ഹാർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും പകരം യുവതാരങ്ങളായ വിജയ് ശങ്കറിനെയും ശുഭ്മാൻ ഗില്ലിനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.
ആസ്ട്രേലിയയ്ക്കെതിരായ രണ്ട് ഏകദിനങ്ങളിലേക്ക് തമിഴ്നാട് ആൾ റൗണ്ടറായ വിജയ് ശങ്കറിനെയാണ് നിയോഗിച്ചിരിക്കുന്നത്. അഡ്‌ലെയ്ഡിൽ നാളെ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുമ്പ് ശങ്കർ ഇന്ത്യൻ സംഘത്തോടൊപ്പം ചേരും. ഏകദിനങ്ങൾക്കുശേഷം നടക്കുന്ന കിവീസ് പര്യടനത്തിലും വിജയ് ശങ്കർ ടീമിലുണ്ടാകും.
ലോകകപ്പ് തേടിയ അണ്ടർ -19 ടീമിലെ സൂപ്പർതാരമായിരുന്ന ശുഭ് മാൻഗിൽ ന്യൂസിലൻഡ് പര്യടനത്തിലാണ് ടീമിനൊപ്പം ചേരുക.
കഴിഞ്ഞവർഷം ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ത്രിരാഷ്ട്ര ടൂർണമെന്റിന് ശേഷം ആദ്യമായാണ് വിജയ് ശങ്കർ ഇന്ത്യൻ ടീമിലെത്തുന്നത്. ഇന്ത്യയ്ക്കുവേണ്ടി അഞ്ച് ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള വിജയ് ശങ്കർ ഒരിന്നിംഗ്സിൽ മാത്രമേ ബാറ്റ് ചെയ്തിട്ടുള്ളൂ. 17 റൺസും മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്.
വലംകൈയൻ ഒാപ്പണിംഗ് ബാറ്റ്സ്മാനായ ശുഭ് മാൻഗിൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ കിരീട വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. രഞ്ജി ട്രോഫിയിൽ പഞ്ചാബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഗിൽ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്.
ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച മായാങ്ക് അഗർവാളിനെ ഏകദിന ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ ആലോചിച്ചിരുന്നെങ്കിലും പരിക്ക് ഭേദമാകാത്തതിനാൽ അത് ഉപേക്ഷിച്ചു.