പൂനെ : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് വീണ്ടും സുവർണ ദിനം. ഇന്നലെ നടന്ന 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4 x 400 മീറ്റർ റിലേയിൽ കേരളം സ്വർണം നേടി. 21 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടി. വ്യക്തിഗത ഇനങ്ങളിൽ മൂന്ന് വെള്ളിയും നാല് വെങ്കലവും കേരളം ഇന്നലെ കരസ്ഥമാക്കി.
എൽഗ, പ്രസില്ല, ഗൗരി നന്ദന, സാന്ദ്ര എന്നിവരടങ്ങിയ ടീമാണ് അണ്ടർ-17 4 x 400 മീറ്റർ റിലേയിൽ സ്വർണം നേടിയത്. സാജൻ, സൽമാൻ, അജയ് കെ. വിശ്വനാഥ്, അബ്ദു റസാഖ് എന്നിവരടങ്ങിയ ടീമിനാണ് ആൺകുട്ടികളുടെ വിഭാഗത്തിലെ സ്വർണം. അഭിനന്ദ് സുന്ദരേശൻ, ശരത്, സബിൻ ടി. സത്യൻ, ടിജിൻ ടി. എന്നിവർ 21 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 4 x 400 മീറ്റർ റിലേയിൽ വെള്ളി നേടി.
21 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ വിഷ്ണുപ്രിയ, 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ അനുമാത്യു, 400 മീറ്റർ ഹർഡിൽസിൽ പ്രസില്ല ഡാനിയേൽ എന്നിവരാണ് വെള്ളിമെഡൽ നേടിയത്.
21 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ടിജിൻ, പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ നിദ കെ. എം, 21 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 200 മീറ്ററിൽ ആൻസി സോജൻ, ആൺകുട്ടികളുടെ 200 മീറ്ററിൽ സി. അഭിനവ് എന്നിവർ വെങ്കലം നേടി.