കാസർകോട്: ഗുണ്ടാത്തലവൻ കാലിയാ റഫീഖിന്റെ മകനും സംഘവും തോക്കുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. റഫീഖിന്റെ മകന്റെ നേതൃത്വത്തിൽ കാസർകോട് അതിർത്തിയിൽ വീണ്ടും അധോലോകം ശക്തിപ്രാപിച്ചുവരുന്നതായ സൂചനകളാണ് ഇതെന്ന് പൊലീസ് കരുതുന്നു. തോക്കുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച കാലിയ റഫീഖിന്റെ മകൻ സുഹൈൽ, വാറണ്ട് കേസിൽ പ്രതിയായ ഫാറൂഖ് എന്നിവരെ മഞ്ചേശ്വരം പൊലീസ് ഇന്നലെ രാത്രി വൈകി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

അതേസമയം മുമ്പ് നടന്ന അക്രമ കേസുകളിൽ വാറണ്ട് പ്രതിയായ ഉപ്പള സോങ്കാലിലെ ഫാറൂഖിനെ അറസ്റ്റ് ചെയ്തതായും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നുമാണ് മഞ്ചേശ്വരം എസ്.ഐ എം പി ഷാജി വെളിപ്പെടുത്തിയത്. തോക്കുമായി നിൽക്കുന്ന ചിത്രം വാട്‌സാപ്പിൽ കിട്ടിയിരുന്നുവെന്നും അതേക്കുറിച്ചു അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, എ.എസ്.പി ഡി. ശിൽപ്പ എന്നിവരുടെ നിർദേശപ്രകാരം ഗുണ്ടാ മാഫിയ സംഘങ്ങളെ ഒതുക്കാൻ പോലീസ് നടപടി തുടങ്ങിയതിന്റെ ഭാഗമായാണ് രണ്ട് പേരെ പോലീസ് പിടികൂടിയതെന്നാണ് വിവരം. കാലിയ റഫീഖിന്റെ നേതൃത്വത്തിൽ മുമ്പ് നടത്തിയത് പോലുള്ള അധോലോക പ്രവർത്തനമാണ് ഉപ്പളയിൽ അടുത്തകാലത്തായി വീണ്ടും ആരംഭിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. കാലിയ റഫീഖ് മംഗളൂരു ദേശീയപാതയിൽ എതിരാളികളാൽ വെടിയേറ്റ് മരിച്ച ശേഷം ഉപ്പളയിലെ ഗുണ്ടാസംഘത്തെ പൊലീസ് അടിച്ചമർത്തുകയായിരുന്നു.