കൊല്ലം: വീട്ടിൽ നിന്ന് വിളിച്ചിറക്കി അച്ഛന്റെ കൺമുന്നിലിട്ട് ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനി ചരുവിളപുത്തൻവീട്ടിൽ ശ്യാമിനെ (21) കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ അറസ്റ്ര് ചെയ്തു. ഇടനാട് മരുതിക്കോട് കോളനി ചരുവിള പുത്തൻ വീട്ടിൽ ബൈജു (24), മരുതിക്കോട് കോളനി അനിതാ ഭവനിൽ ചിച്ചു എന്ന അജിത്ത് (24), മരുതിക്കോട് കോളനി ചരുവിള പുത്തൻ വീട്ടിൽ രഞ്ജു (24), മരുതിക്കോട് ചരുവിള വിളയിൽ വീട്ടിൽ വിജേഷ് (24) എന്നിവരെയാണ് ചാത്തന്നൂർ എസ്.ഐ എ.എസ്.സരിന്റെ നേതൃത്വത്തിൽ അറസ്റ്ര് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരും ഓയൂർ ചെങ്കുളം സ്വദേശിയായ മറ്റൊരാളും ഒളിവിലാണ്. കൊലപാതകത്തിൽ നിർണായക പങ്കുള്ള ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു കൊലപാതകം. സമീപത്തെ റബർ തോട്ടത്തിൽ ഒളിച്ച പ്രതികളെ ഞായറാഴ്ച പുലർച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ പ്രതികളിൽ ഒരാൾ മദ്യപിക്കുന്നതിന് വേണ്ടി ശ്യാമിന്റെ വീടിന് സമീപത്തെ പൊതുക്കിണറിന്റെ മൂടി മാറ്റി കിണറ്റിലിറങ്ങി കുപ്പിയിൽ വെള്ളം ശേഖരിച്ചു. ശ്യാമിന്റെ പിതാവ് ശശി ഇത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു.
തിരികെപോയ സംഘം രാത്രി പത്തരയോടെ മദ്യപിച്ച് മാരകായുധങ്ങളുമായെത്തി ശശിയെ വിളിച്ചിറക്കി.
ജോലി കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശ്യാം പിതാവിനൊപ്പം ഇറങ്ങിവന്നപ്പോൾ ശ്യാമിനെ ആക്രമിക്കുകയായിരുന്നു. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് വീണ ശ്യാമിനെ അയൽവാസികൾ ഓട്ടോറിക്ഷയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓയൂരിലെ ഒരു വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലിക്കാരനായിരുന്നു ശ്യാം. സുശീലയാണ് മാതാവ് .സഹോദരി: ശാലിനി.