മസ്കറ്റ്: ഒമാനിൽ ടാങ്കർ ലോറി മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാലിൽ പുതിയേടത്ത് അഷ്റഫ് (50) ആണ് മരിച്ചത്. ബാത്തിന എക്സ്പ്രസ്വേയിൽ സുവൈഖിനടുത്ത് ശനിയാഴ്ച ഉച്ചക്കുശേഷമായിരുന്നു അപകടം. ഹെവി ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്ന അഷ്റഫ് ഒാടിച്ചിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിലും പോസ്റ്റിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. മൂന്നു മണിയോടെ ഖാബൂറ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. നാദാപുരം എടച്ചേരി സ്വദേശിയായ അഷ്റഫ് 10 വർഷത്തിലധികമായി ഒമാനിലുണ്ട്. നേരത്തേ നാദാപുരം ടൗണിൽ ടാക്സി ഡ്രൈവറായും ജോലി ചെയ്തിരുന്നു. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്കയക്കാനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു. കുഞ്ഞമ്മദ് കുട്ടി പിതാവും ജസീല ഭാര്യയുമാണ്. മുഹമ്മദ് ഷാൻ, മുഹമ്മദ് സിനാൻ, അമീൻ എന്നിവർ മക്കളാണ്.