നെയ്യാറ്റിൻകര: പൈൽസ് രോഗിക്ക് ഹെർണിയയ്ക്കുള്ള തുടർചികിത്സ നിർദ്ദേശിച്ച നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ സർജൻ ഡോ.ബിനു ഗുരുതരമായ കൃത്യവിലോപം നടത്തിയതായും വിജിലൻസ് അന്വേഷണം വേണമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ ഡി.എം.ഒക്ക് റിപ്പോർട്ട് നൽകി. ബിജുവിനെയും ബന്ധുക്കളെയും ഡോ.ദിവ്യ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. കടുത്ത വേദനയുമായി പൈൽസ് ചികിത്സക്കെത്തിയ അരുമാനൂർ സ്വദേശി ബിജുവിനെയാണ് (37) പൈൽസിന് ഓപ്പറേഷനായി പ്രവേശിപ്പിച്ചിട്ട് ഹെർണിയയ്ക്കുള്ള തുടർചികിത്സ നിർദ്ദേശിച്ച് പറഞ്ഞുവിട്ടത്.
നെയ്യാറ്റിൻകര പൊലീസു രോഗിയുടെ പരാതിയുടെയും ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോ. ബിനുവിനെതിരെ സമാനമായ ഒട്ടനവധി പരാതികൾ നേരത്തേയും ലഭിച്ചിട്ടള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ.ദിവ്യ പറഞ്ഞു.
2018 നവംബർ 1നാണ് ബിജുവിനെ പൈൽസ് ഓപ്പറേഷനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലദ്വാരഭാഗത്ത് ചെറിയ തുന്നൽ ഇട്ടതല്ലാതെ ഓപ്പറേഷൻ ചെയ്തില്ല. 5ന് ഇടതുവശത്ത് ഹെർണിയ ബാധയുള്ളതായി എഴുതി നൽകി. മരുന്ന് നിർദ്ദേശിച്ച് ഡിസ്ചാർജ്ജ് ചെയ്തു. ഇതിനിടെ 5000 രൂപ ഡോക്ടർ കൈക്കൂലി വാങ്ങിയതായി സൂപ്രണ്ടിന് ബിജു മൊഴി നൽകി. കാര്യങ്ങൾ പുറത്തായതോടെ വീണ്ടും ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞെങ്കിലും ബിജുവിന്റെ ബന്ധുക്കൾ വഴങ്ങിയില്ല. തുടർന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഡോക്ടർ വാഗ്ദാനം ചെയ്യുകയും ആദ്യഗഡുവായി ഇരുപതിനായിരം നൽകിയതായും ബിജു പറയുന്നു. പിന്നീട് ബിജുവും ബന്ധുക്കളും തന്നെ ഉപദ്രവിക്കുന്നതായിക്കാട്ടി ഡോ. ബിനു മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.