അവസാന നിമിഷം ഒരുപക്ഷേ ഒഴിഞ്ഞുപോയേക്കാമെങ്കിലും കെ.എസ്.ആർ.ടി.സി വീണ്ടും ഒരു പണിമുടക്കിന്റെ വക്കിലെത്തി നിൽക്കുകയാണ്. ശമ്പള വർദ്ധനയാണ് സമരത്തിന് ആധാരം. നഷ്ടത്തിന്റെ കണക്ക് മാത്രമുള്ള കെ.എസ്.ആർ.ടി.സി വരുമാനം വർദ്ധിപ്പിക്കാൻ തീവ്രശ്രമത്തിലാണിപ്പോൾ. എന്നാൽ വരവും ചെലവും തമ്മിലുള്ള അന്തരം കാര്യമായി കുറയ്ക്കാൻ കഴിയാത്തതിനാൽ ശമ്പള വർദ്ധന നീണ്ടുനീണ്ടുപോവുകയാണ്. മാസവരുമാനം ഇപ്പോഴത്തേതിൽ നിന്ന് 50 കോടി രൂപയെങ്കിലും വർദ്ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി ജീവനക്കാരുടെ സഹകരണം തേടിയിരിക്കുകയാണ് മാനേജ്‌മെന്റ്. ഇതു വിജയിച്ചാൽ അടുത്ത ഓണത്തിന് മുമ്പ് ശമ്പള വർദ്ധന നടപ്പാക്കാമെന്നാണ് വാഗ്ദാനം. ശമ്പള വർദ്ധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന അധികച്ചെലവ് നേരിടാൻ സർക്കാർ ഒരു രൂപ പോലും അധികം നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ സ്വന്തം വഴിക്കു തന്നെ വരുമാനം കൂട്ടാൻ കോർപറേഷൻ നിർബന്ധിതമായിരിക്കുകയാണ്.
കടം വാങ്ങിയാണെങ്കിലും കഴിഞ്ഞ ഏതാനും മാസമായി ശമ്പളം മുടങ്ങാതെ നൽകുന്നുണ്ട്. വൈകിയാണെങ്കിലും പെൻഷൻ വിതരണവും നടക്കുന്നുണ്ട്. എന്നാൽ മറ്റു ചെലവുകൾ കൂടി കണക്കിലെടുത്താൽ വരവും ചെലവും തമ്മിലുള്ള അന്തരം തൊണ്ണൂറ്റിഒന്ന് കോടി രൂപയാണ്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ ഒരുകാലത്തും ഈ വിടവ് നികത്താനാവുമെന്നു തോന്നുന്നില്ല. കൂടുതൽ ബസുകൾ നിരത്തിലിറക്കിയും കാര്യക്ഷമത പതിന്മടങ്ങ് വർദ്ധിപ്പിച്ചും വരുമാനം കൂട്ടാൻ കഴിയണം. എല്ലാ വിഭാഗം ജീവനക്കാരുടെയും പൂർണ സഹകരണവും പിന്തുണയും വേണ്ട സംരംഭമാണിത്. ജീവനക്കാർ കഠിനശ്രമം നടത്തിയാൽ മാസം 50 കോടി രൂപയുടെ അധിക വരുമാനമെന്ന മാനേജ്‌മെന്റിന്റെ ലക്ഷ്യം നേടാവുന്നതേയുള്ളൂ. ഈ മാസം തന്നെ ഒരു ദിവസം ടിക്കറ്റ് വരുമാനം എട്ടുകോടി രൂപയിലധികമായി വർദ്ധിച്ചിരുന്നു. ഇപ്പോഴുള്ള ബസുകൾ ഓടിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്. കൂടുതൽ ബസുകൾ ഇറക്കിയും ജീവനക്കാർ പരമാവധി അർപ്പണബോധം കാണിക്കുകയും ചെയ്താൽ നല്ല ഫലമുണ്ടാവുകതന്നെ ചെയ്യും. ഇതിനായി മാനേജ്‌മെന്റ് സ്വീകരിക്കുന്ന നടപടികളോടു ജീവനക്കാർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കോർപറേഷന്റെ ഭാവി. ശമ്പള വർദ്ധന നേടിയെടുക്കാൻ ജനുവരി 16 മുതൽ പണിമുടക്കുമെന്നു കാണിച്ച് പ്രബല യൂണിയനുകൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാകണം ഇതിന് ജീവനക്കാർ ഒരുങ്ങുന്നത്. കൈവിട്ട കളിയാണിതെന്ന് വിവേകമതികൾ യൂണിയനുകളെ ഉപദേശിക്കേണ്ട സമയമാണിത്. കഴിഞ്ഞ കുറെ നാളുകളായി കോർപറേഷൻ കടന്നുപോരുന്ന പ്രതിസന്ധിയുടെ ആഴം മനസിലാകാത്തവരാണ് യൂണിയൻ നേതാക്കളും ജീവനക്കാരുമെന്ന് ഞങ്ങൾ കരുതുന്നില്ല. മൂക്കറ്റം വരെ കടത്തിൽ മുങ്ങിത്താഴ്‌ന്നു നിൽക്കുന്ന സ്ഥാപനത്തിന് നന്നേ ചുരുക്കം ദിവസത്തേതാണെങ്കിൽ പോലും ഒരു പണിമുടക്കുണ്ടായാൽ പിടിച്ചുനിൽക്കാനാവുമെന്ന് തോന്നുന്നില്ല. കൂടുതൽ നാശമായിരിക്കും അതുകൊണ്ടു സംഭവിക്കുക.
വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളിൽ ചെലവ് കുറയ്ക്കാനുതകുന്ന ഏതാനും ഇനങ്ങൾ കൂടി ഉൾപ്പെടുന്നു. അനാവശ്യ തസ്തികകൾ കുറച്ചും ബസ് - ജീവനക്കാർ അനുപാതം കുറച്ചും ഇതര വരുമാന മാർഗങ്ങൾ വിപുലപ്പെടുത്തിയും കൂടുതൽ വരുമാനം നേടാനാവും. പരമാവധി കാര്യക്ഷമത ഉറപ്പാക്കിയാൽത്തന്നെ നിത്യവരുമാനത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാകും. കോർപറേഷൻ ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ മനസിലാക്കി ഭൂരിപക്ഷം ജീവനക്കാരും മനസുകൊണ്ടെങ്കിലും മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിക്കുന്നവരാണ്. സ്വന്തം അന്നത്തിന് മുട്ടുണ്ടാകുന്നതൊന്നും ചെയ്യാൻ പാടില്ലെന്ന ബോദ്ധ്യവും അവർക്കുണ്ട്. എന്നാൽ സമരാവേശം മൂത്തുനിൽക്കുന്നവർ കാര്യങ്ങൾ ശരിയായ രൂപത്തിലല്ല കാണുന്നത്. കോർപറേഷന്റെ എന്നത്തേയും പരാധീനതയും അതുതന്നെയാണ്. ഇരിക്കുന്ന കൊമ്പ് മുറിച്ചിട്ടാണെങ്കിലും മാനേജ്‌മെന്റിനെ മുട്ടുകുത്തിക്കണമെന്നേ അവർക്കുള്ളൂ. നിർഭാഗ്യകരമെന്നു പറയട്ടെ സ്ഥാപനം മാത്രമല്ല, നാല്പതിനായിരത്തോളം ജീവനക്കാരും അത്രതന്നെ വരുന്ന പെൻഷൻകാരുമാണ് ഒടുവിൽ ഇതിന്റെ ദുരിതം പേറേണ്ടിവരുന്നത്. യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ ഓടിച്ചാൽത്തന്നെ വരുമാനം കൂടും. ഇതിനായി പുതിയ ബസുകൾ വാങ്ങേണ്ടിവരും. ഒപ്പം തന്നെ ഷെഡ്യൂൾ പരിഷ്കരണവും ആവശ്യമാണ്. ആവശ്യം കണ്ടറിഞ്ഞ് ഇടപെടുന്നതിലാണ് ഏതു സംരംഭത്തിന്റെയും വിജയം കുടികൊള്ളുന്നത്. കുത്തക റൂട്ടുകൾ ധാരാളമുണ്ടെങ്കിലും അവിടങ്ങളിൽ പോലും വരുമാന വർദ്ധനയ്ക്കുള്ള ശ്രമം നടക്കുന്നില്ല. കോർപറേഷനു ലഭിക്കേണ്ട വരുമാനത്തിന്റെ ഒരു ഭാഗം സ്വകാര്യ മേഖല കൊണ്ടുപോകുന്നു, കൈവശമുള്ള ബസുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യത്തിലേറെ ജീവനക്കാർ ഉണ്ട്. എന്നാലും കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും അഭാവം പറഞ്ഞ് നൂറുകണക്കിനു ഷെഡ്യൂളുകൾ ദിവസവും മുടങ്ങുന്നുണ്ട്. കെ.എസ്.ആർ.ടി.സിയെ ബാധിച്ചിട്ടുള്ള ഗുരുതരമായ രോഗത്തിന് തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അതു പോരാ. രോഗം കണ്ടറിഞ്ഞു തന്നെയുള്ള ചികിത്സ ആവശ്യമാണ്. പ്രവർത്തനരീതി ഉടച്ചുവാർക്കുന്നതിനൊപ്പം പഠന സംഘങ്ങൾ നേരത്തെ സമർപ്പിച്ച റിപ്പോർട്ടുകളിലെ നല്ല നിർദ്ദേശങ്ങൾ നടപ്പാക്കുകയും വേണം.