പൂവാർ: തീരദേശ മേഖലയായ പൂവാർ മുതൽ കരിച്ചൽ വരെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ ശുദ്ധജല ക്ഷാമം നേരിടുന്നത്. കാഞ്ഞിരംകുളം,​ കരുംകുളം,​ പൂവാർ പഞ്ചായത്തുകളുടെ ഭാഗമായ തീരപ്രദേശത്ത് ഇത്രയും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. നിലവിൽ കാഞ്ഞിരംകുളം കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്,​ കരിച്ചൽ പമ്പ് ഹൗസ് എന്നിവിടങ്ങളിൽ നിന്നുമാണ് ഇവിടെ വെള്ളമെത്തിക്കുന്നത്. എന്നാൽ തീരപ്രദേശം മുഴുവനും കരിച്ചൽ പമ്പ് ഹൗസിലെ വെള്ളത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ഇവിടുത്തെ പമ്പുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് വാസ്തവം. കരിച്ചൽ കായലിലെ വെള്ളം അതേപടി പൈപ്പിലൂടെ വരുന്ന ദിവസങ്ങളുമുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ വെള്ളമാകട്ടെ പല സ്ഥലങ്ങളിലും ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് എത്തുന്നത്.

തീരപ്രദേശത്തെ പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. പിന്നെയത് നേരെയാക്കാൻ മാസങ്ങൾ കഴിയും. അത്തരം സ്ഥലങ്ങളിലെ ആൾക്കാർ വെള്ളം വിലക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യം മുതലാക്കിയാണ് ജലവില്പന സംഘങ്ങൾ വിലസുന്നത്. ലിറ്ററിന് 10 രൂപ മുതൽ തരംപോലെ വസൂലാക്കുന്നവരാണ് ഇവർ. കരിച്ചൽ പമ്പ് ഹൗസിന്റെ രണ്ട് പമ്പുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന പമ്പുകളുടെ തകരാറുകൾ കാരണം മൂന്ന് ഷിഫ്റ്റ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ രണ്ട് ഷിഫ്റ്റാക്കി മാറ്റിയെന്നാണ് ജീവനക്കാർ പറയുന്നത്.

കരിച്ചലിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളമൂറ്റുന്ന വൻ റാക്കറ്രുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ടാങ്കർ ലോറികളിൽ വെള്ളം കടത്തുന്നവരും ഉണ്ട്. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വൻ വിലയ്ക്കാണ് ഇവർ വെള്ളം വില്കുന്നത്. രഹസ്യമായി കുഴൽ കിണർ സ്ഥാപിച്ചും സാധാരണ കിണറുകളിൽ പമ്പ് സെറ്റ് പ്രവർത്തിപ്പിച്ചും കായലിൽ നിന്ന് നേരിട്ടും ഇവർ വെള്ളം ഊറ്റുന്നു. സംസ്ഥാന ഭൂജല വകുപ്പിന്റെ 'ഭൂജലം കരുതലോടെ മാത്രം' എന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ള മാഫിയകൾക്ക് ഇതൊന്നും ബാധകമല്ല. ഇവരെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. വെള്ളമൂറ്റ് സംഘങ്ങൾ ശക്തി പ്രാപിച്ചതോടെ പ്രദേശത്തെ കിണറുകൾ വറ്റി വരളാൻ തുടങ്ങിയിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിച്ചും കരിച്ചൽ പമ്പ് ഹൗസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയും വെള്ളമാഫിയകളെ നിയന്ത്രിച്ചും തീരദേശത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമായി കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും ആക്ഷേപമുണ്ട്.