veena

തിരുവനന്തപുരം: മാതാപിതാക്കളും സഹോദരനും നഷ്‌ടപ്പെട്ട നൊമ്പരവും, വൃക്കരോഗത്തിന്റെ കഷ്‌ടതയിലും തളരുന്ന വീണയ്‌ക്ക് സുമനസുകൾ കരുതലൊരുക്കുന്നു. വീണയ്‌ക്ക് വൃക്ക ദാനം ചെയ്യാൻ ചേർത്തല സ്വദേശി സന്നദ്ധതയറിയിച്ചു. പിന്നാലെ ഓപ്പറേഷനും തുടർചികിത്സയ‌്ക്കും വേണ്ട സഹായം സാമൂഹ്യ സുരക്ഷാ മിഷന്റെ 'വി കെയർ പദ്ധതി"യിലൂടെ ഒരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ഫോണിലൂടെ വീണയെ അറിയിച്ചു.

കടുവാപ്പള്ളി തോട്ടക്കാട് തട്ടാൻവിളാകത്തിൽ പരേതയായ സുശീലയുടെ മകൾ വീണയുടെ (20)​ ദുരിത ജീവിതത്തെ കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല്പത്തെട്ടുകാരനായ ചേർത്തല സ്വദേശി വൃക്ക നൽകാൻ തയ്യാറാണെന്ന് വീണയെ അറിയിച്ചത്. എന്നാൽ ചികിത്സാച്ചെലവ് എങ്ങനെ വഹിക്കുമെന്ന ആശങ്ക വീണയെ വീണ്ടും തളർത്തി. തുടർന്ന് മന്ത്രി കെ.കെ. ശൈലജ വീണയുമായി ബന്ധപ്പെട്ട് സഹായം വാഗ്‌ദാനം ചെയ്‌തതോടെ ആശങ്ക അകന്നു. മതിയായ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടെന്നും ശസ്ത്രക്രിയ അടക്കമുള്ളവയ്‌ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. അതേസമയം ദുരിത ജീവിതത്തിൽ നിന്ന് കരകയറുന്നതിന് സഹായ വാഗ്‌ദാനങ്ങളുമായി നിരവധിപേർ ഫോണിലൂടെ ബന്ധപ്പെട്ടതായി വീണ പറഞ്ഞു.

ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ചു പോയ വീണയ്‌ക്ക് ആശ്രയമായിരുന്ന അമ്മ സുശീലയും വൃക്കരോഗത്തെ തുടർന്നാണ് മരിച്ചത്. ജോലി തേടി ഗുജറാത്തിലേക്ക് പോയ സഹോദരനെ കാണാതായതും വീണയെ തളർത്തി. ഇതിനിടെയാണ് വൃക്കകൾ തകരാറിലായത്. കടുവാപ്പള്ളി കെ.ടി.സി.ടി ആശുപത്രിയിൽ സൗജന്യമായി ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനി‍റുത്തുന്നത്.