excise

തിരുവനന്തപുരം: മാരകമായ പുത്തൽ ലഹരി വസ്തുക്കൾ രാജ്യാന്തര മാഫിയകൾ വഴി കേരളത്തിലേക്ക് വൻതോതിൽ എത്തിയിട്ടും, അന്വേഷണം പൂർത്തിയാവാതെ കേസുകൾ കുന്നുകൂടിയിട്ടും എക്സൈസ് വകുപ്പിലെ ക്രൈംബ്രാഞ്ച് രൂപീകരണം ഫയലിൽ ഉറങ്ങുന്നു. ഉടൻ ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്ന് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞിട്ട് നാളേറെയായി. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചെങ്കിലും ഇതുവരെ നടപടയൊന്നുമുണ്ടായില്ല.

എം.ഡി.എം.എ പോലുള്ള ന്യൂജൻ മയക്കുമരുന്നുകളുടെ ഹബ്ബായി കേരളം മാറി. കൊച്ചിയിൽ മാത്രം 200 കോടിയുടെ മയക്കുമരുന്നാണ് കഴിഞ്ഞയിടെ പിടിച്ചത്. അന്തർസംസ്ഥാന -അന്താരാഷ്ട്ര ബന്ധമുള്ള മേജർ എൻ.ഡി.പി.എസ് (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ) കേസുകളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. അബ്കാരി, ലഹരി വസ്തു കേസുകളുടെ സ്വഭാവവും അവ കടത്തുന്ന രീതികളും അടിമുടി മാറിയിട്ടുമുണ്ട്.

ഇത്തരം കേസുകൾ ഉണ്ടായാൽ പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കുകയാണ് ഇപ്പോഴത്തെ രീതി. മിക്ക കേസുകളിലും അന്വേഷണം പൂർണമാകാറില്ല.

1968-ൽ വകുപ്പ് രൂപീകരിച്ചപ്പോഴുള്ള സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും പ്രവർത്തനം. ദൈനംദിന പരിശോധനകളും മറ്ര് ഓഫീസ് ജോലികളും ചെയ്യുന്നതിനിടെ വിപുലമായ കേസന്വേഷണം സാദ്ധ്യമാവില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സെൽ രൂപീകരിക്കാൻ നിർദ്ദേശം വന്നത്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂന്നു തവണ അന്നത്തെ കമ്മിഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും പരിഗണിക്കേണ്ടതാണ് എന്ന മറുപടിയിൽ കാര്യങ്ങൾ ഒതുങ്ങി. ഈ സർക്കാരിന്റെ കാലത്തും ഇതിന് മാറ്രമൊന്നുമില്ല.

#റിപ്പോർട്ടിലെ ശുപാർശകൾ

* ജില്ലാതലത്തിൽ ഒരു അസിസ്റ്രന്റ് കമ്മിഷണർ

* മൂന്നു സി.ഐ മാർ

* മേഖലാ തലത്തിൽ ഡെപ്യൂട്ടി കമ്മിഷണർമാർ

* സംസ്ഥാനതലത്തിൽ ഒരു ജോയിന്റ് എക്സൈസ് കമ്മിഷണർ

പരമാവധി 125 ജീവനക്കാരുടെ തസ്തിക പുതുതായി സൃഷ്ടിക്കേണ്ടിവരും.

# 2018ലെ പ്രധാന ലഹരിവേട്ട

*മാർച്ച് 19..... ഹാഷിഷ് ഓയിൽ 36.562 കിലോ (പാലക്കാട്)

*മെയ് 25....... ഹാഷിഷ് ഓയിൽ 10.202 " (തിരുവനന്തപുരം)

*ജൂൺ 8....... കഞ്ചാവ് ചെടികൾ 1064 (പാലക്കാട്)

*സെപ്റ്റംബർ 1.ഹാഷിഷ് ഓയിൽ 6.360 കിലോ (തിരുവനന്തപുരം)

*സെപ്റ്റംബർ 17 ഹാഷിഷ് ഓയിൽ ..4.060 " (തൃശൂർ)

*സെപ്റ്റംബർ 29 എം.ഡി.എം.എ ....26.082 കിലോ (എറണാകുളം)

#ക്രൈംബ്രാഞ്ച് രൂപീകരണ റിപ്പോർട്ട് എക്സൈസ് വകുപ്പും നിയമവകുപ്പും തത്വത്തിൽ അംഗീകരിച്ചു. ധനകാര്യവിഭാഗത്തിന്റെ പരിശോധനയിലാണ്. ഉടൻ അനുകൂല സമീപനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

എ.വിജയൻ, അഡിഷണൽ എക്സൈസ് കമ്മിഷണർ