തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളുടെ നിർമ്മാണ ജോലികളിൽ 30 ശതമാനവും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയിരുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആലപ്പുഴ ബൈപ്പാസ് 2017 സെപ്തംബറിലും, കൊല്ലം ബൈപ്പാസ് അതേ വർഷം നവംബർ 25 നും തുറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പിന്നീട്, നിർമ്മാണ വസ്തുക്കൾ കിട്ടാതെ പണി ഇഴഞ്ഞു നീങ്ങിയതാണ് പദ്ധതി നീളാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കൽ താമസിച്ചപ്പോൾ രണ്ട് ബൈപാസുകൾക്കും പ്രത്യേക ഫണ്ട് ആവശ്യപ്പെട്ട് 2011 ഡിസംബർ 24ന്, മുഖ്യമന്ത്രിയായിരുന്ന താൻ കേന്ദ്ര ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷന് കത്തെഴുതി. നേരിട്ടു കണ്ടും കാര്യം പറഞ്ഞു. പാതയുടെ വീതി സംബന്ധിച്ച തർക്കത്തിനിടെ പദ്ധതി പൂർത്തിയാക്കാൻ താമസമുണ്ടാകുന്നതിനാൽ സ്റ്റാൻഡ് എലോൺ പ്രോജക്ടുകളാക്കണം എന്ന ആവശ്യം എം.പിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു.
2012 മാർച്ചിൽ കേന്ദ്ര ഉപരിതലവകുപ്പ് മന്ത്രിക്ക് അയച്ച കത്തിനെ തുടർന്ന് കേന്ദ്രം ഈ ആവശ്യം അംഗീകരിച്ചു. ചെലവിന്റെ 50 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കാം എന്നായിരുന്നു വ്യവസ്ഥ. 2014 ജനുവരി 17ന് പൊതുമരാമത്ത് സെക്രട്ടറിയും ദേശീയപാതാ അതോറിറ്റി ചീഫ് എൻജിനിയറും കരാറൊപ്പിട്ടു. തൊട്ടടുത്ത വർഷം ഫെബ്രുവരി 11ലെ സർക്കാർ ഉത്തരവു പ്രകാരം കൊല്ലം ബൈപ്പാസിന് 352.05 കോടിയുടെയും ആലപ്പുഴ ബൈപ്പാസിന് 348.43 കോടിയുടെയും പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു.
പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞും എം.പിമാരായിരുന്ന കെ.സി. വേണുഗോപാലും എൻ. പീതാംബരക്കുറുപ്പും പിന്നീട് എം.പിയായ എൻ.കെ. പ്രേമചന്ദ്രനും പദ്ധതി നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.