trivandrum-airport

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പുചുമതല ലഭിക്കുമെന്ന പ്രതീക്ഷയിൽ, പുതുതായി രൂപീകരിച്ച ടിയാൽ കമ്പനിക്ക് സ്വകാര്യ പങ്കാളിയെത്തേടി സംസ്ഥാന സർക്കാർ ആഗോള ടെൻഡർ വിളിക്കും.

വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകാതെ സർക്കാരിനു കൈമാറണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെൻഡർ തുക പരിഗണിക്കാതെ, സർക്കാരിനു വേണ്ടെങ്കിൽ മാത്രമേ ലേലത്തിൽ സ്വകാര്യ കമ്പനിയെ വിളിക്കൂ (റൈറ്റ് ഒഫ് ഫസ്റ്റ് റെഫ്യൂസൽ) എന്ന ഉറപ്പു കിട്ടിയതിനെത്തുടർന്നാണ് വിമാനത്താവള നടത്തിപ്പിനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) കമ്പനി രൂപീകരിച്ചത്. ഈ കമ്പനിയിലേക്കാണ് ഇപ്പോൾ സർക്കാർ സ്വകാര്യപങ്കാളിയെ തേടുന്നത്. എയർപോർട്ട് പാട്ടത്തിനെടുക്കാനുള്ള പ്രീ ബിഡ് യോഗത്തിൽ ചീഫ്സെക്രട്ടറി ടോംജോസും ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലും പങ്കെടുക്കും.

ദൈനംദിന പ്രവർത്തനങ്ങളും നടത്തിപ്പും വികസനവും പാട്ടവ്യവസ്ഥയിൽ കൈമാറാനാണ് എയർപോർട്ട് അതോറിട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ള കമ്പനിയെ ആയിരിക്കും ടിയാലിൽ സ്വകാര്യപങ്കാളിയാക്കുക.
അതിനിടെ, വിമാനത്താവളം ലേലത്തിലെടുക്കാനുള്ള നടപടികളിൽ നിന്ന് കൊച്ചി വിമാനത്താവളം (സിയാൽ) പിന്മാറി. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക്‌ പാട്ടലേലത്തിൽ സ‌ർക്കാരിനുവേണ്ടി പങ്കെടുക്കാമെന്നും ഇത് രണ്ടു ടെൻഡറിന്റെ ഗുണംചെയ്യുമെന്നും ആയിരുന്നു ആദ്യധാരണ. പിന്നീടാണ് സർക്കാർ ടിയാൽ കമ്പനി രൂപീകരിച്ചത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളും കെ.എസ്.ഐ.ഡി.സി, കിഫ്ബി, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവയും ടിയാലിൽ ഓഹരിയെടുക്കുമെന്ന ആദ്യതീരുമാനവും മാറ്റി.

ഇതോടെ, സർക്കാരിന്റെ ടിയാൽ കമ്പനി പങ്കെടുക്കുന്ന ലേലത്തിൽ, മുഖ്യമന്ത്രി അദ്ധ്യക്ഷനായ കൊച്ചി വിമാനത്താവള കമ്പനി പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മംഗളൂരു വിമാനത്താവളം ലേലത്തിലെടുക്കാനുള്ള നീക്കത്തിൽ നിന്നു സിയാൽ പിന്മാറിയിട്ടുണ്ട്. 10 ലക്ഷം സർക്കാരിന്റെ പ്രാരംഭ ഓഹരിയും 5ലക്ഷം മൂലധനവുമുള്ളതാണ് ടിയാൽ കമ്പനി.

628.70 ഏക്കർ സ്ഥലം മാത്രമുള്ള ഇവിടെ റിയൽ എസ്റ്റേറ്റ് വികസന സംരംഭങ്ങൾക്ക് സൗകര്യം പരിമിതമാണെന്ന നിലപാടിലാണ് പല സ്വകാര്യ കമ്പനികളും. നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200, ബംഗളുരുവിൽ 5200 ഏക്കർ വീതമാണ് സ്ഥല ലഭ്യത.

കരാറിൽ കഥ ഇതുവരെ

 ആദ്യപടിയായി നെതർലൻഡ് ആസ്ഥാനമായ കെ.പി.എം.ജിയെ സാങ്കേതിക- സാമ്പത്തിക കൺസൾട്ടന്റാക്കി

 സ്വകാര്യ പങ്കാളിയുടെ യോഗ്യതകളും സാങ്കേതിക പരി‌‌ജ്ഞാനവും കെ.പി.എം.ജി നിശ്ചയിക്കും. ഇതിനു ശേഷം ആഗോള ടെൻഡർ

 മൂന്ന് സാമ്പത്തികവർഷം 3000 കോടിയുടെ വീതം വരുമാനമുണ്ടാക്കിയ കമ്പനികൾക്ക് സംയുക്ത പങ്കാളിയാവാം.

 സംയുക്തപങ്കാളിയാവാൻ ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട്ട് എയർപോർട്ടിന്റെ ഫ്രാപോർട്ട് എയർപോർട്ട് കമ്പനി രംഗത്തുണ്ട്

'സംയുക്തപങ്കാളിയെ കണ്ടെത്താനാണ് ആഗോളടെൻഡർ വിളിക്കുന്നത്. നടപടികളെല്ലാം സുതാര്യമായിരിക്കും".

ബി.ജി.ഹരീന്ദ്രനാഥ്

നിയമസെക്രട്ടറി