kseb

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് പത്ത് ദിവസത്തിനുള്ളിൽ റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് പുറപ്പെടുവിക്കും. നിരക്ക് വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഇതിനുള്ള ഒൗദ്യോഗിക നടപടിക്രമങ്ങളും പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പുകളും വിവിധയിടങ്ങളിലായി പൂർത്തിയാക്കി. ഡ്രാഫ്റ്റ് താരിഫ് പുനർനിർണയത്തിന് റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളുടെ പൂർണയോഗം അംഗീകാരം നൽകിയാൽ പരസ്യമായി താരിഫ് വർദ്ധന പ്രഖ്യാപിക്കും.

ഇതാദ്യമായി നാലുവർഷത്തെ താരിഫ് ഒറ്റയടിക്ക് നിർണയിക്കാനുള്ള നടപടികളാണ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. ഇൗ വർഷത്തെ നിരക്ക് വർദ്ധന പ്രഖ്യാപനം നടത്തുന്ന തീയതി മുതൽ പ്രാബല്യത്തിലാകും. മുൻകാല പ്രാബല്യം വേണമെന്ന വൈദ്യുതി ബോർഡിന്റെ അഭ്യർത്ഥന അനുവദിക്കില്ലെന്നാണ് അറിയുന്നത്. നിലവിലെ താരിഫിന്റെ കാലാവധി കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് അവസാനിച്ചിരുന്നു. 2018-19 ലെ താരിഫ് പരിഷ്കരണം കൂടി പ്രഖ്യാപിക്കുന്നതിനാൽ കഴിഞ്ഞ വർഷം മുതലുള്ള കുടിശികയും പിരിച്ചെടുക്കാൻ അനുവദിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. എന്നാൽ നിലവിലെ താരിഫിന്റെ കാലാവധി ആദ്യം 2018 ഡിസംബർ 31 വരെയും പിന്നീട് ഇൗ വർഷം മാർച്ച് 31 വരെയും നീട്ടിയ സാഹചര്യത്തിൽ താരിഫ് പരിഷ്കരണം പ്രഖ്യാപിക്കുന്ന ദിവസം മുതൽ മാത്രമായിരിക്കും അത് നടപ്പാക്കുക.

1100 കോടിയുടെ വരുമാനം ലക്ഷ്യം

നടപ്പ് വർഷം 1100 കോടിയും പിന്നീട് ഒാരോ വർഷവും 800 കോടിയോളവും വരുമാനം ലഭിക്കുന്ന തരത്തിൽ നിരക്ക് വർദ്ധനയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവർത്തന നഷ്ടം കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധികളോടെ കെ.എസ്.ഇ.ബി ആവശ്യപ്പെട്ട നിരക്ക് വർദ്ധന അംഗീകരിക്കപ്പെടാനാണ് സാദ്ധ്യത. നിലവിലെ നിരക്കിൽ നിന്ന് ശരാശരി 8.5 ശതമാനം വർദ്ധനയാണ് ബോർഡ് ആവശ്യപ്പെട്ടത്. ഒാരോ വർഷത്തെയും നിരക്ക് മുൻകൂട്ടി പ്രഖ്യാപിച്ചാലും അതത് വർഷത്തെ സാഹചര്യം കണക്കിലെടുത്ത് ചെറിയ മാറ്റങ്ങൾ വരുത്താമെന്നുള്ള ഉപാധിയുമുണ്ട്. എല്ലാ ഉപഭോക്താക്കളും നൽകേണ്ട പ്രതിമാസ ഫിക്സഡ് ചാർജിൽ 20 ശതമാനം വർദ്ധനയുണ്ടാകുമെന്നത് ഏറക്കുറെ ഉറപ്പാണ്. എനർജി ചാർജ് വർദ്ധനയിൽ കെ.എസ്.ഇ.ബിയുടെ ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ മാറ്റമുണ്ടായേക്കും. അതേസമയം 40 യൂണിറ്റിൽ താഴെയുള്ള പ്രതിമാസ ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനയുണ്ടാകില്ല.