കിളിമാനൂർ: കാട്ടുപന്നികൾക്ക് പിന്നാലെ തെരുവ് നായ്ക്കകൾ സംഘം ചേർന്ന് അക്രമം തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. ഒറ്റക്കും സംഘമായും എത്തുന്ന നായ്ക്കൾ ആട്, കോഴി, പശു തുടങ്ങിയ വളർത്തു ജീവികളെ ആക്രമിക്കുകയാണ്. മനുഷ്യർക്ക് നേരെയും പരക്കെ ആക്രമണം തുടങ്ങിയിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് നായ്ക്കളുടെ ആക്രമണത്തിൽ ഇരയായത്. വീടുകൾക്കുള്ളിൽ കയറി പോലും ഇവ ആക്രമിക്കുകയാണ്. ചെങ്കിക്കുന്നിന് സമീപം വീട്ടിനുള്ളിൽ കടന്നു കയറിയ തെരുവ് നായ വീട്ടമ്മയെ ഗുരുതരമായി കടിച്ച് പരിക്കേൽപിച്ചിരുന്നു.

കിളിമാനൂർ ടൗൺ യു.പി.എസിൽ രാവിലെ എത്തിയെ വിദ്യാർത്ഥിനിയെ നായ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടി ചികിത്സയിലായിരുന്നു.

മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗിയുമായി എത്തിയ ഓട്ടോ ഡ്രൈവർക്കും നായയുടെ കടിയേറ്റു. ഇത്തരത്തിൽ നിരവധി പേർ തെരുവ് നായകളുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ആട്, പശു, കോഴി തുടങ്ങിയ വളർത്തു ജീവികൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് പതിവായി ഇരയാവുകയാണ്. കഴിഞ്ഞ ദിവസം മടവൂർ പഞ്ചായത്തിലെ പുലിയൂർകോണത്ത് അബ്ദുൽ ലത്തീഫിന്റെ രണ്ട് ആടുകളെ കടിച്ചു കൊന്നു. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചു കൊന്ന സംഭവം നടന്നതും അടുത്തിടെയാണ്. കോഴി ഫാമുകളിലെ കോഴികളെ സംഘമായി എത്തുന്ന തെരുവ് നായ്ക്കൾ കൊന്നിടുന്നതും പതിവായിരിക്കുകയാണ്.