മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം എന്നത് സംവരണതത്ത്വത്തെ തുരങ്കം വയ്ക്കലായിരുന്നു. നൂറ്റാണ്ടുകളായി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരെ സാമൂഹികമായി മുഖ്യധാരയിലെത്തിക്കാനാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യമായി മുന്നോക്കം നിൽക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സാമ്പത്തികമായി ഉയർത്താനുള്ള പദ്ധതികളും പാക്കേജുകളുമാണ് നടപ്പിലാക്കേണ്ടത്. അതിനുപകരം സംവരണമാനദണ്ഡത്തിലല്ല കൈവയ്‌ക്കേണ്ടത്. ഇത് പിന്നാക്ക വിഭാഗങ്ങളോടുള്ള സാമൂഹിക നീതിനിഷേധവും 124-ാം ഭരണഘടന ഭേദഗതി, ഭരണഘടനയുടെ മൗലിക അവകാശങ്ങളുടെ ധ്വംസനവുമാണ്. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരെ അവസര സമത്വത്തിലേക്ക് കൊണ്ടുവരുവാനുള്ള യത്നത്തിനു തടവുമാണ്. മാത്രമല്ല, സാമ്പത്തിക സംവരണം ഭരണഘടനയിൽ വിഭാവന ചെയ്യുന്നുമില്ല.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി നടത്തിയ കളിയ്‌ക്കൊപ്പം കളിക്കുകയായിരുന്നു കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും. ഇവർ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വെറുതെ ഒരു തൊടുന്യായം പറയുകമാത്രമാണ് ചെയ്തത്. ബില്ലിനെ എതിർത്ത മുസ്ലീംലീഗ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ യോടൊപ്പം ഇവരും ബില്ലിനെ എതിർത്ത് വോട്ടു ചെയ്തിരുന്നുവെങ്കിൽ ഈ ബിൽ രാജ്യസഭ കടക്കില്ലായിരുന്നു. ബി.ജെ.പി.യോടൊപ്പം നിന്ന് ഇവരും സംവരണതത്ത്വത്തിനെ അട്ടിമറിക്കുകയായിരുന്നു.
പാർലമെന്റ് പാാക്കി, പ്രസിഡന്റ് ഒപ്പുവച്ച ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക സംവരണം ഭരണഘടനയിൽ പറഞ്ഞിട്ടില്ലാത്തതിനാലും, അവസരസമത്വത്തിനു തടം സൃഷ്ടിക്കുന്നതിനാലും 124 -ാം ഭരണഘടന ഭേദഗതി സുപ്രീംകോടതി തള്ളിക്കളയാനാണ് സാധ്യത. മാത്രമല്ല, വർഷത്തിൽ എട്ടുലക്ഷം രൂപ വരുമാനം പരിതിയെന്നതും പ്രായോഗിക നീതിയല്ല. വർഷത്തിൽ എട്ടുലക്ഷം വരുമാനമുള്ളവനും ഒരുലക്ഷം വരുമാനമുള്ളവനും ഈ മാനദണ്ഡത്തിനു മുന്നിൽ തുല്യരാകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മറ്റു മാനദണ്ഡങ്ങളിലും വ്യക്തതയില്ല. ഈ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിലും അവ്യക്ത നിലനിൽക്കുന്നു. ആകെ കുഴഞ്ഞുമറിഞ്ഞ ഈ നിയമം കോടതി റദ്ദാക്കുമെന്ന് പ്രതീക്ഷിക്കാം.
എം. ജോൺസൺ റോച്ച്
അമ്പലത്തുമൂല, ചൊവ്വര