aga

വിതുര: ബോണക്കാട് മലനിരകളെ ഭക്തിസാന്ദ്രമാക്കി ഇക്കൊല്ലത്തെ അഗസ്‌ത്യാർകൂട തീർത്ഥാടനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100 പേർ ഇന്നലെ രാവിലെ ഒമ്പതോടെ അഗസ്‌ത്യാർകൂടത്തിലേക്ക് യാത്രതിരിച്ചു. ആദ്യമായി അഗസ്‌ത്യാർകൂടത്തിലും സ്ത്രീ പ്രവേശനം അനുവദിച്ചിരുന്നു. ഇതിനെതിരെ ആദിവാസി മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. അഗസ്ത്യാർകൂടത്തിലേക്ക് ആദ്യമായി പുറപ്പെട്ട സംഘത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ തിരുവനന്തപുരം കവടിയാർ സ്വദേശി ധന്യാസനലും ഉണ്ടായിരുന്നു. സ്ത്രീകളെ കയറ്റിവിടില്ലെന്ന് പ്രചാരണം ഉണ്ടായിരുന്നതിനാൽ വനപാലകരും പൊലീസും രാവിലെ തന്നെ ബോണക്കാട്ട് ക്യാമ്പ് ചെയ്‌തിരുന്നു,

അതേസമയം അഗസ്‌ത്യാർകൂട ഗോത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഗസ്ത്യാർകൂട ക്ഷേത്രകാണിക്കാർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബോണക്കാട്ട് ഗോത്രാചാര സംരക്ഷണയഞ്ജം നടത്തി. 50ഓളം പേർ യജ്ഞത്തിൽ പങ്കെടുത്തു. ആദിവാസി മഹാസഭാസംസ്ഥാന പ്രസിഡന്റും ക്ഷേത്രട്രസ്റ്റ് ഭാരവാഹിയുമായ മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്തു. തീർത്ഥാടക സംഘമെത്തിയപ്പോൾ ഇവർ നാമജപം നടത്തി. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ വൈ.എം. ഷാജികുമാർ തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. പേപ്പാറ അസി. വൈൽഡ് ലൈഫ് വാർഡൻ സി.കെ. സുധീർ പങ്കെടുത്തു. മകരവിളക്ക് ദിനമായ ഇന്നലെ ആരംഭിച്ച തീർത്ഥാടനം ശിവരാത്രി ദിനമായ മാർച്ച് നാലിനാണ് സമാപിക്കും. 47 ദിവസമാണ് തീർത്ഥാടനത്തിനായി അനുവദിച്ചിട്ടുള്ളത്.അഗസ്‌ത്യാർകൂട തീർത്ഥാടന യാത്രയ്ക്ക് കൂടുതൽ പേർക്ക് അനുമതി നൽകണമെന്ന് അഗസ്‌ത്യാർകൂട സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.