kovalam

കോവളം: വിഴിഞ്ഞം മതിപ്പുറത്തെ പ്രകൃതി മനോഹര കാഴ്ചകൾ തേടിയെത്തുന്നതുവരെ കാത്തിരിക്കുന്നത് അപകടക്കെണികളാണ്. വിഴിഞ്ഞം ഹാർബർ റോഡിലെ ബൊള്ളാർഡ് പുൾ ടെസ്റ്റ് കേന്ദ്രത്തിന് സമീപത്താണ് തകർന്ന സുരക്ഷാവേലിയും കൈവരികളും നടപ്പാതയും സഞ്ചാരികൾക്ക് ഭീഷണിയായിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ടൂറിസം വകുപ്പാണ് തീരം മോടിപിടിപ്പിക്കലിന്റെ ഭാഗമായി ഇവിടെ നടപ്പാതയും സുരക്ഷാവേലിയും കൈവരികളും ലൈറ്റുകളും ഒരുക്കിയത്. കടൽക്കാറ്റും ആഞ്ഞടിച്ചെത്തുന്ന തിരകളും കാരണം കൈവരികളും നടപ്പാതയും തകർന്നു. ലൈറ്റുകൾ പലതും തുരുമ്പെടുത്തു നശിക്കുകയും ചെയ്‌തു. കോവളം കഴിഞ്ഞാൽ എറ്റവും കൂടുതൽ സഞ്ചാരികൾ വന്നു പോകുന്ന സ്ഥലമാണ് മതിപ്പുറത്തെ ഈ കടൽക്കരയും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവും. കപ്പലുകളുടെ ശേഷി പരിശോധന കേന്ദ്രമായ ബൊള്ളാർഡ് പുൾടെസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്ന ഇവിടെ നിന്നാൽ അന്താരാഷ്ട്ര തുറമുഖ നിർമ്മാണകേന്ദ്രവും നേരിൽ കാണാം. പാറക്കൂട്ടങ്ങൾ നിറഞ്ഞതും പൊക്കവുമുള്ള സ്ഥലമായതിനാൽ വിശാലമായ കടൽക്കാഴ്ചയും സൂര്യാസ്‌തമനവും കൺകുളിർക്കെ കാണാമെന്നതും ഇവിടം സഞ്ചരികളെ ആകർഷകമാക്കി മാറ്റി. പക്ഷേ സുരക്ഷാവേലി മറികടന്നിറങ്ങിയാൽ വലിയ അപകടത്തലേക്കാവും പോക്ക്. ഇതൊന്നും അറിയാതെ സുരക്ഷാവേലി മറികടന്നുപോയ നിരവധി പേരുടെ ജീവനെടുത്ത അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളും ഇവിടെയുണ്ട്. പുറമേ നിന്നു നോക്കിയാൽ ആകർഷണീയമായ പാറക്കൂട്ടങ്ങളെ കാണാമെങ്കിലും അതിൽ പതിയിരിക്കുന്ന അപകടമറിയാതെ ഇറങ്ങിയവരാണ് അപകടത്തിനിരയാകുന്നത്. ഇതേ തുടർന്നാണ് സുരക്ഷാവേലിയൊരുക്കി മുന്നറിയിപ്പു ബോർഡുകളും ഇവിടെ സ്ഥാപിച്ചത്. എന്നാൽ കടൽ കാറ്റേറ്റ് തുരുമ്പിച്ച കമ്പികൾ അടുത്ത കാലത്തുണ്ടായ കടൽക്ഷോഭത്തിൽ തകർന്നു. ഇതോടെ സൗന്ദര്യവത്കരണം നടത്തിയ നടപ്പാതകളിൽ നിൽക്കാൻ പോലും സഞ്ചാരികൾക്ക് പേടിയായി. കോവളം ലൈറ്റ് ഹൗസ് ബീച്ചും, മറൈൻ അക്വാറിയവും സമീപത്തായതിനാൽ വദേശ സ്വദേശി സഞ്ചാരികൾ ഉൾപ്പെടെ ദിനംപ്രതി നൂറോളം പേർ ഇവിടെ എത്തുന്നുണ്ട്. ഇവിടത്തെ പോരായ്മകൾ ചൂണ്ടിക്കാണിച്ചും കൈവരിയും സുരക്ഷാവേലിയും നടപ്പാതയും പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ പല തവണ ടൂറിസം വകുപ്പധികൃതർക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. വശ്യമനോഹരവും കടൽക്കാഴ്ചകളുടെ വിസ്മയവുമൊരുക്കുന്ന തീരത്ത് അടിസ്ഥാന സൗകര്യങ്ങൊളൊരുക്കി പുനർ നിർമ്മാണം നടത്താൻ അടിയന്തര നടപടവേണമെന്നാണ് വിനോദ സഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.