shaji

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ അന്തരിച്ച എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും യോഗം മുൻ കൗൺസിലറും വെട്ടൂരാൻ നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബർമ്മ റോഡ് ശ്യാം നിവാസിൽ ഷാജി വെട്ടൂരാന് (57) വിവിധ രംഗങ്ങളിലെ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം വൈകിട്ട് 5.30ന് മുട്ടത്തറ മോക്ഷകവാടം ശ്‌മശാനത്തിൽ നടന്നു.

രാവിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ എ. സമ്പത്ത് എം.പി, മുകേഷ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ബിജു പ്രഭാകർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തുള്ളവർ അന്തിമോപചാരമർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ റീത്ത് സമർപ്പിച്ചു.

ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാജി വെട്ടൂരാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. യൂത്ത് മൂവ്‌മെന്റിലൂടെയാണ് ശ്രീനാരായണ പ്രസ്ഥാനത്തിലെത്തുന്നത്. എസ്.എൻ ട്രസ്റ്റിന്റെ ആജീവനാന്ത അംഗമായിരുന്ന ഷാജി വെട്ടൂരാൻ ഈയിടെ എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയനിൽ നിന്ന് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പരേതരായ രവീന്ദ്രൻ, സുധ എന്നിവരാണ് മാതാപിതാക്കൾ. അഡ്വ. റാണിയാണ് ഭാര്യ. മകൾ അർപ്പിത ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: ഷിബു വെട്ടൂരാൻ, ശ്യാം വെട്ടൂരാൻ.