ആറ്റിങ്ങൽ: ആറ്റിങ്ങൽ ടോൾമുക്കിൽ 'പാവങ്ങൾക്ക് ഒരു കൈത്താങ്ങ്' എന്നപേരിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ വിതരണോദ്ഘാടനം ആറ്റിങ്ങൽ ക്രൈം സബ്ഇൻസ്പെക്ടർ പ്രദീപ് കുമാർ നിർവഹിച്ചു. മുദാക്കൽ പഞ്ചായത്തു പ്രസിഡന്റ് വിജയകുമാരി, ട്രസ്റ്റ് പ്രസിഡന്റ് ഷിബു, സെക്രട്ടറി സതീഷ്‌കുമാർ, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ നിർധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനായി ഈ കൂട്ടായ്മ പണം സ്വരൂപിച്ചാണ് വിതരണം ചെയ്യുന്നത്. ഓരോ മാസവും ധനസമാഹരണം നടത്തി അർഹർക്ക് കൈമാറാനാണ് ഇവരുടെ തീരുമാനം.