തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് മൂർച്ഛ കൂട്ടാനായി അഖിലേന്ത്യാതലത്തിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് തുല്യമായി കേരളത്തിലും കോ-ഓർഡിനേഷൻ കമ്മിറ്റി വരും. കെ. മുരളീധരൻ അദ്ധ്യക്ഷനായുള്ള കെ.പി.സി.സി പ്രചാരണസമിതിക്കും കോ-ഓർഡിനേഷൻ കമ്മിറ്റിക്കും പുറമേ സ്ഥാനാർത്ഥിനിർണയത്തിലടക്കം ഇടപെടലുകൾ നടത്താനുള്ള തിരഞ്ഞെടുപ്പ് സമിതിയും മീഡിയ മാനേജ്മെന്റ് കമ്മിറ്റിയും ഡിജിറ്റൽ മീഡിയ സെല്ലുമുണ്ടാകും. ഡിജിറ്റൽ മീഡിയസെല്ലിലെ അംഗങ്ങളെ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ബാക്കി സമിതികളിൽ അംഗങ്ങളാവേണ്ടവരുടെ കാര്യത്തിലടക്കം അന്തിമധാരണയിലെത്താനായി നാളെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിലെത്തും. അവിടെ എ.കെ. ആന്റണി, മുകുൾ വാസ്നിക്, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തും.
തിരഞ്ഞെടുപ്പ് അടുത്തെത്തിയതും ഫെബ്രുവരി 3 മുതൽ 27 വരെ കെ.പി.സി.സി പ്രസിഡന്റിന്റെ കേരളയാത്ര നടക്കുന്നതും കണക്കിലെടുത്ത് സമ്പൂർണ പുനഃസംഘടന തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
നാളത്തെ ഡൽഹി ചർച്ചകളിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളെക്കുറിച്ചും ആലോചനകളുണ്ടാവും. ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചതാണ് ശരിയായ നിലപാടെന്നും ബി.ജെ.പിയെ വളർത്തി കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് സി.പി.എം നടത്തിയതെന്നും വിശദീകരിച്ചുള്ള പ്രചാരണം ശക്തിപ്പെടുത്താനാണ് ധാരണ.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടിക ഫെബ്രുവരി അവസാനത്തോടെ രാജ്യമൊട്ടാകെ പ്രഖ്യാപിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇതിനായി ഡി.സി.സികളോട് പാനൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ പാർട്ടി കീഴ്ഘടകങ്ങളിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും സീറ്റ് മോഹിച്ച് നേതാക്കളുടെ വൻനിര തന്നെ പലേടത്തും നിലകൊള്ളുന്നത് നേതൃത്വത്തിന് തലവേദനയാണ്. സിറ്റിംഗ് എം.പിമാരിൽ മുല്ലപ്പള്ളി ഒഴിച്ചെല്ലാവരും വീണ്ടും ജനവിധി തേടുമെന്ന സൂചനയാണ് ലഭിക്കുന്നത്. 29ന് രാഹുൽഗാന്ധിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും ഡൽഹിയോഗത്തിൽ ചർച്ചയാവും.
17 ന്റെ യു.ഡി.എഫ് യോഗത്തിൽ സീറ്റ് വിഭജനചർച്ചകൾക്ക് ഔപചാരിക തുടക്കം കുറിക്കുമെന്ന് ഘടകകക്ഷിനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.