വിഴിഞ്ഞം: വെള്ളായണി കായലിലെ പുതിയ ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ നുരയ്ക്കുന്ന പുഴുക്കളും മാലിന്യവും. പരിഹാരം കണ്ടെത്താനാകാതെ ഉദ്യാഗസ്ഥർ കുഴങ്ങുന്നു.
വെള്ളായണി കായൽ സ്രോതസാക്കി കോവളം ടൂറിസം കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യുന്ന പുതിയ പദ്ധതിയിലെ ജലവിതരണത്തിലാണ് ചുവന്ന പുഴുക്കളെ കണ്ടെത്തിയത്. പരാതിയെ തുടർന്ന് ജല അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ്, അസി.എൻജിനീയർ സജി എന്നിവർ ഉൾപ്പെട്ട സംഘം ഇന്നലെ വെള്ളായണി കായലിൽ പരിശോധനടത്തി.
കല്ലിയൂർ, വെങ്ങാനൂർ, വിഴിഞ്ഞം, കോവളം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായാണ് വെള്ളായണി കായലിനരികെ കാർഷിക കോളജ് ഭാഗത്ത് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. കായലിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരണം നടത്തിയാണ് വിതരണം ചെയ്യുന്നത്. എന്നാൽ നിറവ്യത്യാസവും പുഴുവും കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി തവണ ഇവിടെ സന്ദർശിച്ചു. വെള്ളം വിവിധ ലാബുകളിൽ പരിശോധന നടത്തിയെന്നും ജലം ഉപയോഗ യോഗ്യമാണെന്നും അധികൃതർ പറഞ്ഞു.
എന്നാൽ പുഴുവുണ്ടെന്നും ഇരട്ടിയിലധികം ക്ലോറിൻ ഉപയോഗിച്ചിട്ടും ഇവ ചാകുന്നില്ലെന്നും ജല അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി അധികൃതർ കിണഞ്ഞു പരിശ്രമിച്ചിട്ടും പുഴുവിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
കായലിലെ ജലനിരപ്പ് താഴ്ന്നതിനാൽ താമരയിലകളും തണ്ടും അഴുകിയുണ്ടാകുന്ന മാലിന്യത്തിൽ വളരുന്ന 'മിർച്ച് ഫ്ളൈ' എന്ന കൊതുകിന്റെ ലാർവയാണ് ഈ ചുവന്ന പുഴുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ പുഴു ഉൾപ്പെടെയുള്ള ജല സാമ്പിൾ കൊച്ചിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പുഴുവിനെ കൊല്ലാനായി 2 പി.പി.എം ക്ലോറിൻ നൽകിയിരുന്ന സ്ഥലത്ത് ഇപ്പോൾ 4 പി.പി.എം ക്ലോറിനാണ് നൽകുന്നത്. എന്നിട്ടും പുഴുക്കൾ നശിക്കുന്നില്ലെന്നും ഇതിൽ കൂടുതൽ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നത് മനുഷ്യന് അപകടകരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയെ തുടർന്ന് ആഴ്ചതോറും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ്. ഒഴുക്ക് കുറഞ്ഞ കായലിന്റെ ഭാഗത്ത് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചതാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. 21.90 എംഎൽഡി സംഭരണ ശേഷിയുള്ള ട്രീറ്റ് മെന്റ് പ്ലാൻറിൽ നിന്നും ദിനംപ്രതി 15 എം.എൽഡി ജലം ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.
ക്രമാതീതമായി വർദ്ധിച്ചു വരുന്ന താമര കാടുകൾ നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തമാണ്. കായലിൽ ഒന്നരയടിയോളം ജലനിരപ്പ് ഇപ്പോൾ താഴ്ന്നിട്ടുണ്ട്. താമര കാടുകൾ അഴുകുന്നത് കൊതുകൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയാണെന്നും ഒരു ദിവസം മാത്രം ആയുസുള്ള ഈ കൊതുകുകളുടെ ലാർവയ്ക്ക് പത്ത് ദിവസത്തോളം വെള്ളത്തിൽ കഴിയാനാകുമെന്നും അധികൃതർ പറഞ്ഞു.