parassala

പാറശാല: കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം കടലാസിലൊതുങ്ങിയതോടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ഒഴുകുന്നു. തമിഴ്നാട് സർക്കാർ‌ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതാണ് കാരണം.

ഇതോടെ തമിഴ്നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ടൺ കണക്കിന് ദിനംതോറും അതിർത്തികളിലൂടെ കേരളത്തിലേക്ക് എത്തിക്കുകയാണ്.

തമിഴ്‌നാട്ടിൽ സർക്കാർ പ്ളാസ്റ്റിക്ക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി തദ്ദേശ സ്ഥാപനങ്ങളിലെ അധികാരികളെയും ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡിലെ അംഗങ്ങൾ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെത്തി സ്ഥിരമായി നിരീക്ഷിക്കും. മത്സ്യം,പച്ചക്കറി തുടങ്ങിയവ വാങ്ങാനായി എത്തുന്നവരുടെ കയ്യിൽ പ്ലാസ്റ്റിക് കവറുകൾ ഉണ്ടെങ്കിൽ ഉടനടി പിടിച്ചെടുക്കും. ഇവ ശേഷരിച്ച് സംസ്കരിക്കും. നടപടികൾ കർശനമാക്കിയതോടെ ഹോട്ടലുകളിൽ പ്ലാസ്റ്റിക് പേപ്പറുകളിലും കവറുകളിലും ഭക്ഷണം പൊതിഞ്ഞ് നൽകുന്നത് നിറുത്തി. പഴയതുപോലെ ഇലയിലേക്ക് മാറി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മത്സ്യം, മാംസം,പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞ് കൊടുക്കാൻ തുടങ്ങി.

എന്നാൽ കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ കളിയിക്കാവിള, ഊരമ്പ്, കൊല്ലങ്കോട്, പളുകൽ, കന്നുമാമൂട്, പുലിയൂർശാല, പനച്ചമൂട് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് ഭാഗത്തെ കച്ചവടക്കാർക്ക് തമിഴ്നാട്ടിലെ ഈ നിരോധനം ഏറെ ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. റോഡിന് ഒരു വശത്തായി കേരളവും മറുവശത്ത് തമിഴ്നാടും ഇടവിട്ട് വരുന്നതിനാൽ, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാത്ത കേരളത്തിലെ കടകളിലേക്ക് ഉപഭോക്താക്കളെത്തുന്നു. കവർ നൽകാത്തതിനാൽ ഉപഭോക്താക്കളൊഴിഞ്ഞതോടെ അതിർത്തിയിലെ തമിഴ്നാട് ഭാഗത്തെ കടകളിൽ പച്ചക്കറി അടക്കമുള്ള സാധനങ്ങൾ കെട്ടിക്കിടന്നതായും പരാതിയുണ്ട്.
കേരളത്തിൽ 30 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക് കവറുകൾ മാത്രമാണ് നിരോധിച്ചിട്ടിട്ടുള്ളതെങ്കിലും നിരോധനം വെറും പാഴ്വാക്കാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിൽ ആകട്ടെ ബിഗ് ഷോപ്പർ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും നിരോധിച്ചു എന്ന് മാത്രമല്ല, അത് പ്രാവർത്തികമാക്കാനും ശ്രമിക്കുന്നുണ്ട്.