തിരുവനന്തപുരം: സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ഇന്ന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അമ്പലത്തിൽ ചെലവഴിക്കുന്നത് 20 മിനിട്ട്. പ്രധാനമന്ത്രി 7.20ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തും. തുടർന്ന് നടക്കുന്ന ശിലാഫലകം അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർ സംബന്ധിക്കും. ശേഷം പ്രധാനമന്ത്രി ദർശനത്തിനായി അമ്പലത്തിനുള്ളിലേക്കു പോകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടാകും. കൊല്ലത്തു നിന്നു ഹെലികോപ്ടർ യാത്രയിൽ പ്രധാനമന്ത്രിക്കൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ടാകും.