പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തോഫീസിന് സമീപത്തെ ആലംപാറ, കള്ളിപ്പാറ എന്നിവിടങ്ങളിലേക്കുള്ള റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. അത്യാവശ്യത്തിന് ഒരോട്ടം വിളിച്ചാൽ പോലും ഡ്രൈവർമാർ വരാത്തവിധം ദയനീയമാണ് റോഡിന്റെ സ്ഥിതി. ആട്ടോറിക്ഷയിലും ജീപ്പിലുമൊക്കെ ഇതുവഴി സഞ്ചരിച്ചാൽ നടുവൊടിയുമെന്ന് ഉറപ്പ്. പല സ്ഥലങ്ങളിലും ടാറിന്റെ അംശം പോലും കാണാനില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആലംപാറ ദേവീക്ഷേത്രത്തിലും പരമ്പരാഗത പടക്ക നിർമ്മാണകേന്ദ്രങ്ങളിലും എത്താൻ വേറെ വഴികളൊന്നുമില്ല. ക്ഷേത്ര പരിസരത്തുള്ള ഏക്കർ കണക്കിന് സ്ഥലത്താണ് പുരുഷ കർഷകസംഘങ്ങളും സ്വകാര്യ വ്യക്തികളും പാട്ടക്കൃഷി നടത്തുന്നത്. ഈ പ്രദേശത്ത് എത്താൻ കർഷകർ പാടുപെടുകയാണ്. ആലംപാറ റോഡ് പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിലുൾപ്പെടുത്തി സമീപകാലത്ത് നവീകരിച്ചെങ്കിലും കാലവർഷത്തിൽ പൂർണമായും ഒലിച്ചു പോയി. ഓടയുടെ അഭാവവും നിർമ്മാണത്തിലെ അപാകതയുമാണ് ഈ റോഡിന്റ ദുരവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഊളൻകുന്ന് പട്ടികജാതി സങ്കേതം, ആലംപാറ നന്ദിനഗർ ശ്രീനാരായണ സ്വയമസഹായ സംഘം മന്ദിരം, നളന്ദ ടീച്ചേഴ്സ് ട്രെയിനിംഗ് സ്‌കൂൾ, പാലുവള്ളി സെന്റ് മേരീസ് യു.പി സ്‌കൂൾ തുടങ്ങിയവയും നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടങ്ങളിലുണ്ട്.
വിസ്മരിക്കുന്നത് ചരിത്ര പാതകളെ !
പൊതുവഴിയിലൂടെ സാധാരണക്കാർക്ക് സഞ്ചരിക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ വഴിവെട്ടി രൂപപ്പെടുത്തിയ റോഡുകളാണിത്. ഏറെക്കാലമായി തകർന്നു തരിപ്പണമായി കിടന്നിട്ടും ത്രിതല പഞ്ചായത്ത് അധികാരികൾ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ധീരജവാൻ ജയചന്ദ്രൻ നായരുടെ സ്മരണ നിലനിറുത്താൻ കള്ളിപ്പാറ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകുമെന്ന് എം.എൽ.എ അടക്കമുള്ളവർ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നര വർഷത്തിലേറെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.