വെഞ്ഞാറമൂട്: പാലവിള ജംഗ്ഷന് സമീപം ആനയിടഞ്ഞത് നാട്ടുകാരെ ആശങ്കയിലാക്കി. പാപ്പാന്റെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. തൈക്കാടിന് സമീപം സ്വകാര്യ തടിമിൽ ഉടമയുടേതാണ് ആന. സമീപത്തെ ഒരു കൈത്തോട്ടിൽ കുളിപ്പിച്ച ശേഷം തിരികെ കൊണ്ടുപോകുമ്പോൾ തടിപിടിച്ച് അവശനായ ആന കുത്തനെയുള്ള കയറ്റമായതിനാൽ കയറാനാകാതെ മടിച്ചുനിന്നു. മദ്യലഹരിയിലായിരുന്ന പാപ്പാൻ തോട്ടിയും വെട്ടുകത്തിയുടെ പുറവും ഉപയോഗിച്ച് ആനയെ ഉപദ്രവിച്ചതായി നാട്ടുകാർ പറയുന്നു. തുടർന്ന് ഇടഞ്ഞ ആന സമീപത്തുള്ള വാഴക്കൃഷിയും തെങ്ങും നശിപ്പിച്ചു. ഭീതിയിലായ നാട്ടുകാർ വെഞ്ഞാറമൂട് പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിക്കാനാണ് പൊലീസ് നിർദ്ദേശം നൽകിയത്. ഇതിനിടെ പാപ്പാൻ ഏറെ സാഹസപ്പെട്ട് ആനയെ തളച്ച ശേഷം ആനയുടെ സമീപത്ത് തന്നെ കിടക്കുകയും ചെയ്‌തു. നാട്ടുകാർ ഉടമയെ വിവരം അറിയിച്ചു. രാത്രി 11ഓടെ ഉടമ കൂടുതൽ പേരുടെ സഹായത്തോടെ ആനയെ സ്ഥാപനത്തിലേക്ക് തിരികെ കൊണ്ടുപോയി. പാപ്പാൻ ആനയെ നിരന്തരം പീഡിപ്പിക്കുന്നതായി പരാതിയുണ്ട്.