തിരുവനന്തപുരം: സിനിമ ആയിരുന്നു ലെനിൻ രാജേന്ദ്രന്റെ മുഖ്യതട്ടകമെങ്കിലും നാടകലോകത്തും അദ്ദേഹത്തിന്റെ കരസ്പർശമുണ്ടായി. അതും കേരളത്തിലെ ഏറ്റവും വലിയ നാടക പ്രസ്ഥാനമായ കെ.പി.എ.സിക്ക് വേണ്ടിയും. രാജാരവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഫ്രാൻസിസ്.ടി.മാവേലിക്കരയാണ് നാടകം രചിച്ചത്.
കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്ന 2001 കാലഘട്ടം. ഈ വിഷയത്തെ അധികരിച്ച് ഒരു നാടകം അവതരിപ്പിക്കണമെന്ന് കെ.പി.എ.സിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർക്ക് നിർബന്ധം. ഈ വിഷയത്തെക്കുറിച്ചു പല തലത്തിൽ നടന്ന ചർച്ചയാണ് രാജാരവിവർമ്മയിലേക്ക് എത്തിയത്. അതിന് ഒരു കാരണവുമുണ്ടായിരുന്നു. ദൈവങ്ങളുടെ ചില ചിത്രങ്ങൾ വരച്ചതിന്റെ പേരിൽ രാജാരവിവർമ്മ പല ഘട്ടങ്ങളിലും ചോദ്യംചെയ്യപ്പെടുകയും നിരവധി ദുരനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.ഇത് അടിസ്ഥാനമാക്കി നാടകംരചിക്കാൻ പി.കെ.വി നിർദ്ദേശിച്ചു. പക്ഷേ, അതിനും മുമ്പ് തന്നെ ഫ്രാൻസിസ് രാജാരവിവർമ്മയെക്കുറിച്ചുള്ള പഠനം തുടങ്ങിയിരുന്നു.
അങ്ങനെ കെ.പി.എ.സിക്ക് വേണ്ടി ഫ്രാൻസിസ്.ടി.മാവേലിക്കര രചിച്ച ആദ്യനാടകമായി രാജാരവിവർമ്മ. ഈ ഘട്ടത്തിലാണ് നാടകം ആരു സംവിധാനം ചെയ്യണമെന്ന ചർച്ച വരുന്നത്.സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ശ്യാമപ്രസാദിനെ( സിനിമാ സംവിധായകൻ) ആദ്യം പരിഗണിച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം സിനിമാ തിരക്കിലായി. മറ്ര് പലരെയും പരിഗണിച്ചെങ്കിലും പലവിധ കാരണങ്ങളാൽ ആ പേരുകളെല്ലാം ഒഴിവായി. സംവിധായകൻ അടൂർഗോപാലകൃഷ്ണൻ അടക്കമുള്ളവരുമായി പി.കെ.വി ചർച്ച നടത്തി.ഒടുവിൽ പി.കെ.വി തന്നെയാണ് ലെനിൻ രാജേന്ദ്രന്റെ പേരു നിർദ്ദേശിച്ചത്.ആശാൻ കവിതകളുൾപ്പെടെ പല കാവ്യസൃഷ്ടികളുടെയും സ്റ്റേജ് ഷോ സംവിധാനം ചെയ്ത പരിചയം ലെനിനുണ്ട്.തിരുവനന്തപുരത്തെ ഒരു അമച്വർ സമിതിയുടെ നാടകവും സംവിധാനം ചെയ്തിട്ടുണ്ട്.ഇതാണ് ലെനിനിലേക്ക് പി.കെ.വിയെ എത്തിച്ചത്.
കായംകുളത്ത് കെ.പി.എ.സി ആഡിറ്റോറിയത്തിലായിരുന്നു റിഹേഴ്സൽ. അതിന് മുമ്പുള്ള കെ.പി.എ.സി നാടകങ്ങളുടെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന് തീർത്തും വ്യത്യസ്ഥമായിരുന്നു ആ നാടകത്തിന്റെ ക്യാമ്പ്. വളരെ സൂക്ഷ്മമായാണ് അദ്ദേഹം ഓരോ രംഗവും ചിട്ടപ്പെടുത്തിയത്. വസ്ത്രാലങ്കാരം, പ്രകശവിന്യാസം അടക്കമുള്ള കാര്യങ്ങൾക്ക് മദ്രാസിൽ നിന്ന് വിദഗ്ദ്ധരെത്തി.
രാജാരവിവർമ്മയുടെ വേഷം ചെയ്യാനുള്ള കലാകാരനെ കണ്ടെത്തിയതും രാജേന്ദ്രനാണ്.തിരുവനന്തപുരം സ്വദേശി, സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിറങ്ങിയ അമൽരാജാണ് നാടകത്തിൽ രാജാരവിവർമ്മയുടെ വേഷമിട്ടത്.സിനിമ സംവിധായകനെങ്കിലും സ്റ്റേജിനെക്കുറിച്ചും പ്രകാശവിന്യാസത്തെക്കുറിച്ചുമെല്ലാം നല്ല ധാരണയുണ്ടായിരുന്ന സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രനെന്ന് അമൽരാജ് ഓർക്കുന്നു. മലയാള സംഗീതത്തിന്റെ രാജശില്പി ജി.ദേവരാജൻ കെ.പി.എ.സിക്ക് വേണ്ടി അവസാനമായി സംഗീതസംവിധാനം നിർവഹിച്ചതും രാജാരവിവർമ്മയ്ക്ക് വേണ്ടിയാണ്. പിന്നീട് രാജാരവിവർമ്മയുടെ ജീവിതകഥ ഇതിവൃത്തമാക്കി 'മകരമഞ്ഞ് 'എന്ന പേരിൽ സിനിമയും അദ്ദേഹം സംവിധാനം ചെയ്തു.