തിരുവനന്തപുരം: സിനിമയുടെ സമവാക്യങ്ങൾ തിരുത്തിക്കുറിച്ച്, നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സൗമ്യസൂര്യനായി നിലകൊണ്ട സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് കരൾ മാറ്റിവച്ചത്. മരണനേരത്ത് ഭാര്യ ഡോ.രമണി, മക്കളായ ഡോ.പാർവതി, ഗൗതമൻ എന്നിവരും അടുത്ത ബന്ധുക്കളും അടുത്തുണ്ടായിരുന്നു. അരുൺ മരുമകനാണ്
ഇന്നു രാവിലെ 4.15നുള്ള വിമാനത്തിൽ മൃതശരീരം തിരുവനന്തപുരത്ത് എത്തിക്കും. ശേഷം കവടിയാർ പങ്കജ് കോളനിയിലെ വസതിയായ ഗൗതമിൽ രാവിലെ പൊതുദർശനത്തിനു വയ്ക്കും. നിലവിൽ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനാണ്.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. പിന്നീട് ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി.1985 ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് രാജേന്ദ്രൻ. 1981ൽ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം.
1992ലെ ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1996ലെ കുലം എന്ന ചിത്രത്തിന് കലാമൂല്യമുള്ള ജനപ്രീയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
സ്വാതിതിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ 'സ്വാതിതിരുനാൾ', ചില്ല്, ദൈവത്തിന്റെ വികൃതികൾ,
പ്രേംനസീറിനെ കാണ്മാനില്ല ,പുരാവൃത്തം, വചനം, അന്യർ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി തുടങ്ങിയവയാണ് മറ്റുചിത്രങ്ങൾ.