sbi

തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിൻ ശാഖയിൽ അതിക്രമം കാട്ടിയ ആറ് എൻ.ജി.ഒ യൂണിയൻ നേതാക്കൾ കൂടി കീഴടങ്ങി. ശ്രീവത്സൻ, അനിൽകുമാർ, ബിജുരാജ്, വിനുകുമാർ, സുരേഷ്ബാബു, സുരേഷ് എന്നിവരാണ് ഇന്നലെ രാത്രി 9ന് കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങിയത്. എൻ.ജി.ഒ യൂണിയൻ സംസ്ഥാന നേതാവും ജി.എസ്.ടി വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ് ഇൻസ്പെക്ടറുമായ സുരേഷ് ബാബുവാണ് അക്രമം ആസൂത്രണം ചെയ്തതെന്നും ജി.എസ്.ടി വകുപ്പിലെ ജീവനക്കാരൻ സുരേഷാണ് ഓഫീസ് അടിച്ചുപൊളിച്ചതെന്നും പൊലീസ് പറഞ്ഞു. ശ്രീവത്സൻ ട്രഷറി ഡയറക്ടറേ​റ്റിലെയും ബിജുരാജ്, വിനുകുമാർ എന്നിവർ ആരോഗ്യ വകുപ്പിലെയും ജീവനക്കാരാണ്. ഇവർ ഓഫീസിലെത്തിയാൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്നും കീഴടങ്ങാൻ ആവശ്യപ്പെടണമെന്നും വകുപ്പ് മേധാവികൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ 9 പ്രതികളിൽ 8 പേർ പിടിയിലായി. നേരത്തെ പ്രതിചേർത്ത നികുതി വകുപ്പ് ഉദ്യോഗസ്ഥൻ അജയകുമാറിന്റെ പങ്കിനെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അജയകുമാർ സംഘത്തിലുണ്ടായിരുന്നില്ലെന്നാണ് പ്രതികളുടെ മൊഴി. നേരത്തേ അറസ്റ്റിലായ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേ​റ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയ​റ്റ് അംഗവുമായ ഹരിലാൽ എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പണിമുടക്കിന്റെ രണ്ടാം ദിവസം എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് തുറന്നതിനെ ചോദ്യം ചെയ്തായിരുന്നു അക്രമം. മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കമ്പ്യൂട്ടർ, മേശയിൽ ഇട്ടിരുന്ന കണ്ണാടി, ടെലിഫോൺ, കാബിൻ തുടങ്ങിയവ അടിച്ചു തകർത്ത് ഒന്നരലക്ഷം രൂപയുടെ നാശമുണ്ടാക്കിയെന്നാണ് കേസ്. നഷ്ടപരിഹാരം നൽകാമെന്നും കേസ് ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഇടത് നേതാക്കൾ എസ്.ബി.ഐ അധികൃതരെ സമീപിച്ചിട്ടുണ്ട്. മുംബയിലെ കോർപറേറ്റ് ഓഫീസാണ് കേസ് നടത്തുന്നതെന്നും ഒത്തുതീർപ്പിന് വഴങ്ങേണ്ടെന്നാണ് എസ്.ബി.ഐ ചെയർമാന്റെ നിർദ്ദേശമെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, എസ്.ബി.ഐ മെയിൻ ശാഖയ്ക്ക് മുകളിലെ സിറ്റി ബ്രാഞ്ചിൽ അതിക്രമിച്ച് കയറി സമരക്കാർ അസഭ്യം പറഞ്ഞെന്ന വനിതാ ജീവനക്കാരുടെ പരാതികൾ ഇന്നലെ പൊലീസിന് കൈമാറി. സിറ്റി ബ്രാഞ്ചിലെ മുഴുവൻ വനിതാ ജീവനക്കാരും ചേർന്ന് റീജിയണൽ മാനേജർക്കും എസ്.ബി.ഐ സ്റ്റാഫ് അസോസിയേഷനും പരാതി നൽകിയിരുന്നു.