1

ചിറയിൻകീഴ്: ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ ഡിവൈഡറും വെയിറ്റിംഗ് ഷെഡും വേണമെന്ന ആവശ്യം ശക്തമാകുന്നു. ശാർക്കര റെയിൽവേ ഗേറ്റ് അടക്കുമ്പോൾ നീളുന്ന വാഹനങ്ങളുടെ നിര കാരണം ചില നേരങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ള പ്രദേശമാണ് ശാർക്കര ജംഗ്ഷൻ. ഡിവൈഡർ സ്ഥാപിച്ചാൽ വാഹനങ്ങളുടെ യാത്ര കുറച്ചുകൂടി സുഗമമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. അതുപോലെ ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെ‌ഡ് വേണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ വെയിറ്റിംഗ് ഷെഡും ഉടൻ നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ബസ് കാത്ത് നിൽക്കുന്ന സ്ഥലത്ത് തണൽ മരങ്ങൾ പോലും ഇല്ലാത്തതിനാൽ പലരും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ശാർക്കര ബൈപ്പാസ് ജംഗ്ഷൻ മുതൽ വലിയകട ജംഗ്ഷൻ വരെയുളള റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യവും യാത്രക്കാർ ഉയർത്തുന്നുണ്ട്. പൊതുവേ ഇടുങ്ങിയ റോഡായ ഇവിടെ എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. തുടർപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി വലിയകട - ശാർക്കര ബൈപ്പാസ് ജംഗ്ഷൻ പാതയിലെ യാത്ര കൂടുതൽ സുഗമമാക്കാൻ അധികൃതർ വേണ്ട നടപടികൾ കൈക്കൊളളണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നു.