തിരുവനന്തപുരം: തിരുമലക്ക് സമീപം വലിയവിളയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണമായി കത്തിനശിച്ചു. ഇന്നലെ രാത്രി 10ഓടെ വലിയവിള - കുണ്ടമൺകടവ് റോഡിൽ മുസ്ലിം പള്ളിക്ക് എതിർവശത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. ആനന്ദ് ഇലക്ട്രിക്കൽസിൽ നിന്നാണ് തീ പടർന്നത്. തുടർന്ന് സമീപത്തെ ടയർകട, വളംഡിപ്പോ എന്നിവിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പൊലീസും മൂന്ന് യൂണിറ്റ് ഫയർഫോഴ്സും ഒരു മണിക്കൂറോളം നടത്തിയ പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇലക്ട്രിക് കടയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാന റോഡരികിലെ കടകൾക്ക് തീ പിടിച്ചതോടെ തിരുവനന്തപുരം - കാട്ടാക്കട റൂട്ടിലെ ഗതാഗതം ഒരുമണിക്കൂറോളം സ്‌തംഭിച്ചു.