വെഞ്ഞാറമൂട്: മത്സ്യമാർക്കറ്റിൽ തൊഴിൽ തർക്കത്തെത്തുടർന്ന് മത്സ്യലേലം വീണ്ടും മുടങ്ങി. പൊലീസ് എത്തി മത്സ്യവാഹനങ്ങൾ തിരിച്ചയയ്ക്കുകയായിരുന്നു. മത്സ്യം കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ലേബർ ഓഫീസറുടെ ചേംബറിൽ നടന്ന ചർച്ചയിൽ താത്കാലിക ധാരണയായെങ്കിലും തൊഴിലാളികൾ ഇത് അംഗീകരിക്കാൻ തയ്യാറാകാത്തതാണ് വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായത്.

കഴിഞ്ഞ 12 ന് രാത്രിയും ഇവിടെ തൊഴിൽ തർക്കം മൂലം ലേലം നിർത്തിവച്ചിരുന്നു. നിലവിൽ ഇവിടെ കയറ്റിറക്കിനുള്ള അംഗീകാരം ഐ.എൻ.ടി.യു.സിയ്ക്ക് മാത്രമാണുള്ളത്. എന്നാൽ കയറ്റിറക്ക് തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടെന്ന മൊത്തവ്യാപാര ഏജന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറച്ചു തൊഴിലാളികൾക്കു കൂടി കാർഡ് ലഭിച്ചിരുന്നു. ഇവർ പുതുതായി സി.ഐ.ടി.യു യൂണിയൻ രൂപീകരിച്ച് ജോലിക്കെത്തിയതാണ് തർക്കത്തിനിടയായത്.

ഇവർക്ക് ലഭിച്ച ലേബർ കാർഡ് അംഗീകരിക്കാൻ കഴിയില്ലെന്ന് ഐ.എൻ.ടി.യു.സി തൊഴിലാളികൾ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഇന്നലെ ഡിസ്ട്രിക്ട് ലേബർ ഓഫീസറുടെ ചേമ്പറിൽ തൊഴിലാളി സംഘടനാ നേതാക്കൾ താത്കാലിക ധാരണ ഉണ്ടാക്കിയെങ്കിലും തൊഴിലാളികൾ അംഗീകരിച്ചില്ല. പൊലീസ് എത്തി നേതാക്കളുമായി നടത്തിയ ചർച്ചയിൽ 18 ന് ലേബർ ഓഫീസറുമായി ചർച്ച നടക്കുന്നത് വരെ ലേലം നിർത്തിവയ്ക്കാമെന്ന ധാരണയിൽ ഇരു വിഭാഗവും പിരിഞ്ഞു പോവുകയായിരുന്നു.