അടൂർ: ഹർത്താലുമായി ബന്ധപ്പെട്ട് അടൂരിൽ ബോംബ് എറിഞ്ഞ കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. പയ്യനല്ലൂർ ഇളംപള്ളിൽ കൈമവിളയിൽ അഭിലാഷ് (34), കരുവാറ്റ ശാന്തവിലാസം അരുൺ ശർമ (35), പെരിങ്ങനാട് തെക്കുംമുറി ശരത് ഭവനിൽ ശരത് ചന്ദ്രൻ (33), അമ്മകണ്ടകര അനീഷ് ഭവനത്തിൽ അനീഷ് (27), ചേന്ദംപള്ളി ചാമതടത്തിൽ തെക്കേതിൽ രാകേഷ് (28) എന്നിവരാണ് അറസ്റ്റിലയാത്. സി.പി.എം ജില്ലാസെക്രട്ടേറിയേറ്റ് അംഗം ടി.ഡി.ബൈജുവിന്റെ വീടിന് നേരെ ആക്രമണം നടത്തിയവരും ഇവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ മൂന്നിന് നടന്ന ഹർത്താൽ അക്രമണങ്ങളുടെ തുടർച്ചയായി നാലിനാണ് ബോംബേറ് ഉണ്ടായത്. അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള സ്കൈ മൊബൈൽ ഷോപ്പ്, സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ അബ്ദുൽ സലാമിന്റെ പിതാവ് നടത്തുന്ന വ്യാപാര സ്ഥാപനം, സി.പി. എം ഏരിയാകമ്മിറ്റി അംഗം പി.രവീന്ദ്രന്റെ മൂന്നാളത്തെ വീട്. എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്. മൊബൈൽ കടയിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് ബോംബേറിൽ പരിക്കേറ്റിരുന്നു.