സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ(കെ.എസ്.എഫ്.ഡി.സി) ചെയർമാന്റെ ഓഫീസിൽ വച്ചാണ് ലെനിൻ രാജേന്ദ്രനെ അവസാനമായി കണ്ടത്. ഒരുപാട് കാര്യങ്ങൾ പറഞ്ഞു.കേരളകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നെടുത്ത ചില ജീവിത ചിത്രങ്ങളാണ് ഇത്.
ഊരൂട്ടമ്പലത്തു നിന്ന് തുടങ്ങിയ യാത്ര
തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലമാണ് ലെനിന്റെ സ്വദേശം. സൈനികനായിരുന്ന അച്ഛൻ വേലുക്കുട്ടിക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയാഭിമുഖ്യത്താൽ അവിടെ നിന്ന് നിർബന്ധിതമായി പിരിയേണ്ടിവന്നു.പിന്നീട് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡി.ടി.ഒ ആയി വിരമിച്ചു. അമ്മ ഭാസമ്മ. ഒമ്പത് സഹോദരങ്ങൾ. അതിൽ പരേതനായ ഒരു സഹോദരന്റെ പേര് ലെനിൻ രാജശേഖരനെന്നായിരുന്നു.അന്ന് സോവിയറ്റ് യൂണിയന്റെയും ബംഗാളി സാഹിത്യത്തിന്റെയുമൊക്കെ സ്വാധീനം മലയാളികളിൽ സജീവമായിരുന്നു. അച്ഛന് കമ്മ്യൂണിസ്റ്റ് നേതാവ് ലെനിനോടുള്ള ആരാധനയിൽ നിന്നാണ് ലെനിൻ രാജേന്ദ്രൻ എന്ന പേര് ലഭിച്ചത്.
സ്വാഭാവികമായും എസ്.എഫ്.ഐ പ്രസ്ഥാനത്തിലേക്ക് ലെനിനും ആകർഷിക്കപ്പെട്ടു. അന്ന് കെ.എസ്.യുവിന്റെ പുഷ്കലകാലമായിരുന്നു. തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ലെനിൻ പരാജയപ്പെട്ടു. എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെത്തിയപ്പോൾ കെ.എസ്.യു വിന്റെ ജൈത്രയാത്രയെ തടഞ്ഞുനിർത്തിയ വിദ്യാർത്ഥികളുടെ സംഘത്തിൽ ലെനിനുമുണ്ടായിരുന്നു. അന്ന് ബി.എ ഹിസ്റ്ററിക്കു പഠിക്കുകയായിരുന്നു ലെനിൻ.അഞ്ച് ജനറൽ സീറ്റുകളിൽ എസ്.എഫ്.ഐ വിജയിച്ചു.ചെയർമാൻ പിന്നീട് നടനും സംവിധായകനുമായി മാറിയ ബാലചന്ദ്രമേനോൻ. ആർട്സ് ക്ളബ്ബ് സെക്രട്ടറിയായിരുന്നു ലെനിൻ. അക്കാലത്ത് പഠിച്ച് അഭിഭാഷകനായി രാഷ്ട്രീയവും തുടർന്നുപോകുകയെന്ന ചിന്തയായിരുന്നു ലെനിന്റെ മനസിൽ.അന്ന് യൂണിവേഴ്സിറ്റി കോളേജ് സർഗാത്മകമായ ചർച്ചകളുടെ വേദിയായിരുന്നു...
സിനിമ,സിനിമ
അന്ന് സിനിമയോട് കൂടുതൽ താത്പര്യം തോന്നിത്തുടങ്ങി. ബി.എ. ഫൈനൽ പരീക്ഷ എഴുതിയ വേളയിൽ കെ.എസ്.എഫ്.ഇയിൽ ജോലി ലഭിച്ചു. ആകെ ആശയക്കുഴപ്പമായി. ജോലി സ്വീകരിക്കണോ വേണ്ടയോ എന്ന ചിന്ത ഉടലെടുത്തു. പി.എസ്.സി വഴി ലഭിച്ച ജോലി കളയേണ്ടെന്നായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. അങ്ങനെ എറണാകുളത്ത് കെ.എസ്.എഫ്.ഇയിൽ ജോലിയിൽ പ്രവേശിച്ചു. പത്രപ്രവർത്തകനായ ജി.ശക്തിധരൻ അപ്പോൾ അവിടെയുണ്ടായിരുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും ചേർന്ന് കലൂരിൽ അശോകാ റോഡിൽ ഒരു വീട് വാടകയ്ക്കെടുത്തു.
ബക്കറെന്ന ഗുരുനാഥൻ
ആയിടയ്ക്ക് നിർമ്മാതാവും സംവിധായകനുമായ പി.എ.ബക്കർ ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങളുടെ വീട്ടിലെത്തി. വീട് ബക്കറിന് നന്നേ ഇഷ്ടപ്പെട്ടു. ചുവന്ന വിത്തുകൾ എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ കോഴിക്കോട്ടുവച്ച് ഞാൻ ബക്കറിനെ മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ വരുമ്പോൾ ബക്കർ എന്റെ മുറിയിൽ താമസമാക്കി. ഒരുപാട് പ്രത്യേകതകളുള്ള വ്യക്തിയായിരുന്നു ബക്കർ. നന്നായി വായിക്കും .പുസ്തകങ്ങൾ വാങ്ങും. നമ്മൾ വായിച്ച കഥകളേക്കുറിച്ചും ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ചോദിക്കും.വാങ്ങുന്ന പുസ്കങ്ങൾ വായിക്കാൻ സമയം കിട്ടാതെ വരുമ്പോൾ വായിച്ചിട്ട് കഥ പറയാൻ എന്നോട് ആവശ്യപ്പെടും. അന്ന് സംഘഗാനത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലും കോഴിക്കോടുമായി നടക്കുകയാണ്.ഞാനും അതിൽ ഫുൾടൈം പങ്കെടുക്കുന്നുണ്ട്. ഓഫീസിൽ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. 1990 ലാണ് ഞാൻ അവിടെ നിന്ന് സ്വയം വിരമിച്ചത്.
ഇതിനിടയിൽ ഞാൻ ബക്കറിനോട് ഒരു കഥ പറഞ്ഞു. അതിന്റെ തിരക്കഥയെഴുതാൻ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. 'നിശബ്ദതയുടെ മുഴക്കം' എന്നാണ് പേരിട്ടത്. കെ.എസ്.എഫ്.ഇയിലെ എന്റെ ചില സുഹൃത്തുക്കളുമായി ചേർന്ന് അത് നിർമ്മിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ കൈയ്യിലൊന്നും പണമുണ്ടായിരുന്നില്ല. കെ.എസ്.എഫ്.ഇ ചിട്ടിപിടിച്ചുള്ള പണമായിരുന്നു. ചിട്ടി പിടിക്കേണ്ടതെങ്ങനെയാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. തിരക്കഥ ഞാനും സംവിധാനം ബക്കറും എന്ന നിലയിലായിരുന്നു പ്ളാൻ. അങ്ങനെ ലൊക്കേഷൻ നോക്കാനായി ഞങ്ങൾ തിരുവനന്തപുരത്തെത്തി. അവിടെവച്ച് കഥാകൃത്ത് എം.സുകുമാരനെ ഒന്നു കാണാമെന്ന് ബക്കർ പറഞ്ഞു. സംഘഗാനത്തിന്റെ കഥ സുകുമാരന്റേതായിരുന്നു...സുകുമാരനുമായി സംസാരിച്ചിരുന്നപ്പോൾ അദ്ദേഹം ആദിമധ്യാന്തം എന്നൊരു കഥപറഞ്ഞു.രാജൻസംഭവമായിരുന്നു ഇതിവൃത്തം. ആ രാത്രിയിൽ സുകുമാരന്റെ കഥ സിനിമയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത്രയേറെ ഞങ്ങളെ മഥിച്ച കഥയായിരുന്നു അത്. തിരക്കഥ ഞാനും സംവിധാനം ബക്കറും. ഞാൻ തിരക്കഥയെഴുതി. അതിനു മുമ്പ് മണ്ണിന്റെ മാറിൽ എന്ന സിനിമയിൽ ഞാൻ ബക്കറിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായി സിനിമയിൽ പേര് എഴുതിവരുന്നത് ആ ചിത്രത്തിലാണ്. എം.സുകുമാരന്റെ ആദിമധ്യാന്തം എന്ന കഥയാണ് 'ഉണർത്തുപാട്ട്' എന്ന സിനിമയായത്. ആ പേരിട്ടത് ഞാനാണ്. ഉണർത്തുപാട്ടിന്റെ ടൈറ്റിലിൽ തിരക്കഥ ലെനിൻരാജേന്ദ്രൻ എന്ന് എഴുതിക്കാണിക്കുന്നുണ്ട്.
ബക്കറിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. എന്റെ ഗുരു ബക്കർതന്നെയാണ്. ബക്കറുമായിട്ടുള്ള അടുപ്പത്തിലാണ് സിനിമയാണ് എന്റെ മേഖലയെന്ന് ഞാൻ തിരിച്ചറിയുന്നത്. നേരത്തെ പറഞ്ഞതുപോലെ ഒരുപാട് പ്രത്യേകതകൾ ബക്കറിനുണ്ടായിരുന്നു. ആരോടും അഞ്ചുപൈസ കടം വാങ്ങില്ല. ബക്കറിനേയും എം.ബി.ശ്രീനിവാസനേയും നമ്മൾ മറന്നു. ബക്കറിനെക്കുറിച്ച് ഒരു ഡോക്കുമെന്ററി ചെയ്യണം. ഞാൻ ചെയ്യും.
സംവിധാനം
പിന്നീട് ബക്കറിന്റെ തന്നെ ചാരത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ് കൊല്ലത്തെ എന്റെ നാലഞ്ചു സ്നേഹിതർ ചേർന്ന് ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്.എന്നോട് തിരക്കഥയെഴുതാൻ ആവശ്യപ്പെട്ടു. ആർട്ട് ഡയറക്ടറായ രാധാകൃഷ്ണനെയാണ് അവർ സംവിധായകനായി ആലോചിച്ചത്. തിരക്കഥയെഴുതിക്കഴിഞ്ഞപ്പോൾ നടൻ സുകുമാരനെയാണ് നായകനാക്കി നിശ്ചയിച്ചിരുന്നത്. സുകുമാരന് കഥ ഇഷ്ടമായി. സംവിധായകനായി ഉദ്ദേശിച്ച രാധാകൃഷ്ണന്റെ ഒരു ചിത്രം ആയിടയ്ക് റിലീസ് ചെയ്തത് വിജയമായിരുന്നില്ല. കഥകേട്ട് സുകുമാരൻ എന്തുകൊണ്ട് ലെനിനെക്കൊണ്ട് സംവിധാനം ചെയ്യിച്ചുകൂടായെന്ന് നിർമ്മാതാക്കളോട് ചോദിച്ചു. എന്നോടുള്ള സ്നേഹമായിരിക്കാം സുകുമാരനെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്.സുകുമാരൻ അന്ന് ഇടത് ആഭിമുഖ്യമുള്ളയാളായിരുന്നു. സുകുമാരനെക്കണ്ടിറങ്ങിയ അവർ ആ വിവരം അപ്പോൾ പറഞ്ഞില്ല. ഹോട്ടൽ അമൃതയിൽ വച്ചാണ് ഞാനാണ് സംവിധായകൻ എന്ന് അവർ പറയുന്നത്. രാത്രി ട്രെയിനിൽ കൊച്ചിയിലേക്ക് പോകാനിരിക്കുകയാണ്.വിവരം അറിഞ്ഞ് ഞാനാകെ പരിഭ്രമിച്ചു. പെട്ടെന്ന് ഒരുതീരുമാനം എടുക്കാനാകില്ലെന്നും നാലഞ്ചു ദിവസം സമയം വേണമെന്നും ആവശ്യപ്പെട്ടു. അടുത്തദിവസം കൊച്ചിയിലെത്തി ബക്കറിനോട് കാര്യങ്ങൾ പറഞ്ഞു.അപ്പോൾ ചാരത്തിൽ ഞാൻ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുന്നുണ്ട്. വിവരമറിഞ്ഞപ്പോൾ ബക്കറിന് സന്തോഷമായി. ഇതിൽ ഇത്ര ആലോചിക്കാനെന്തിരിക്കുന്നുവെന്നായിരുന്നു ബക്കറിന്റെ ചോദ്യം. സമ്മതിക്കാൻ പറഞ്ഞു. അങ്ങനെയാണ് എന്റെ ആദ്യ സിനിമ ഒരുങ്ങുന്നത്. 1981 ൽ ഷൂട്ടിംഗ് തുടങ്ങി 1982 ജൂലായ് ഒമ്പതിനാണ് വേനൽ റിലീസ് ചെയ്യുന്നത്. വേനലിന്റെ കഥ എനിക്കറിയാവുന്ന ഒരു പെൺകുട്ടിയുടെ അനുഭവ കഥയായിരുന്നു.
അയ്യപ്പപ്പണിക്കരുടെ 'രാത്രികൾ പകലുകൾ' എന്ന കവിത സിനിമയിൽ ഉൾപ്പെടുത്താൻ ഞാൻ നേരത്തെ അനുവാദം വാങ്ങിയിരുന്നു. നെടുമുടി വേണു തന്നെ അത് പാടണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. വേണു നന്നായിട്ട് പാടി.എന്നാൽ ചിത്രം വിതരണക്കാരെ കാണിച്ചപ്പോൾ അത്രയും നല്ലൊരു പാട്ട് യേശുദാസിനെക്കൊണ്ട് പാടിക്കാൻ സമ്മർദ്ദമായി. ഒടുവിൽ സമ്മർദ്ദത്തിനു വഴങ്ങി യേശുദാസിനെ സമീപിച്ചു. വേണുവിന്റെ പാട്ട് കേട്ട അദ്ദേഹം അതിനി താൻ പാടേണ്ട കാര്യമില്ലെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്.
സ്വാതിതിരുനാളിനെ കണ്ടെത്തിയത്
സംഗീതത്തോട് താത്പര്യമുള്ളതിനാൽ സംഗീത പ്രാധാന്യമുള്ള ഒരു ചിത്രമെടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ശങ്കരാഭരണം വൻ വിജയമായ വേളയിൽ സെവൻ ആർട്സ് വിജയകുമാർ സംഗീതപ്രാധാന്യമുള്ള ഒരു ചിത്രമെടുക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് സ്വാതി തിരുനാൾ എന്ന സിനിമ ഉണ്ടാകുന്നത്. സ്വാതി തിരുനാളായി ആര് അഭിനയിക്കും എന്നുള്ളതായിരുന്നു പ്രധാന വെല്ലുവിളി. കമലഹാസൻ അടക്കമുള്ളവരെ സമീപിച്ചു. കമലഹാസന്റെ പ്രതിഫലം അന്ന് മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല. ഒടുവിൽ നസീറുദ്ദീൻ ഷായെ ആണ് നിശ്ചയിച്ചത്. അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. സ്വാതി തിരുനാളിനെക്കുറിച്ചുള്ള സിനിമ ആയതിനാൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും പത്മനാഭപുരം കൊട്ടാരത്തിന്റെയും ചിലയിടങ്ങളിൽ ഷൂട്ടിംഗിന് അനുമതി കിട്ടിയിരുന്നു. പക്ഷേ സ്വാതിതിരുനാളായി നസിറുദ്ദീൻ ഷായെ നിശ്ചയിച്ചതോടെ ആ അവസരം നഷ്ടപ്പെടുന്ന സ്ഥിതിയായി. ഒടുവിൽ ഷായോട് വിവരം പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഒരു ദിവസം മദ്രാസിലെ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഞാനും വിജയകുമാറും ഇരിക്കുമ്പോൾ വിജയകുമാറിന്റെ ഭാര്യ വിളിക്കുകയും ദൂരദർശനിൽ ഹംസഗീതം എന്നൊരു കന്നഡ സിനിമ കാണിക്കുന്നുണ്ടെന്നും പറഞ്ഞു. അതിലെ നായകൻ അനന്ത്നാഗ് സ്വാതിതിരുനാളാകാൻ പറ്റിയ ആളാണെന്ന് അവർക്ക് തോന്നിയതിനാലാണ് വിളിച്ചത്. ഞങ്ങൾ കുറച്ച് നേരം ആ സിനിമ കണ്ടു. ഉച്ചയ്ക്ക് ഞങ്ങൾ ഇരുവരും ഹോട്ടലിന് പുറത്തേക്കിറങ്ങാൻ താഴേക്ക് ചെന്നു. അപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. റിസപ്ഷനിൽ അനന്ത് നാഗ് നിൽക്കുന്നു. ഞങ്ങൾ പരിചയപ്പെട്ടു. അപ്പോൾ അദ്ദേഹവും പുറത്തേക്കിറങ്ങാൻ നിൽക്കുകയായിരുന്നു. വൈകിട്ട് ഇതേ ഹോട്ടലിൽ വച്ച് കാണാമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് രാത്രി അനന്ത് നാഗുമായി കരാർ ഒപ്പിട്ടു. സ്വാതി തിരുനാളും വൻ വിജയമായിരുന്നു.
പ്രിയപ്പെട്ട ജഗതി
തിരുവനന്തപുരത്ത് കന്യാഹോട്ടൽ എന്നൊരു ഹോട്ടലുണ്ടായിരുന്നു.പിൽക്കാലത്ത് അത് മധുനായരുടെ ഇന്ത്യാഹോസ്പിറ്റലായി.അന്ന് സിനിമാക്കമ്പനികളിൽ പലതിന്റേയും ഓഫീസ് അവിടെയായിരുന്നു..വൈകുന്നേരങ്ങളിൽ ചിലപ്പോൾ ജഗതി അവിടെ വരുമായിരുന്നു.അന്നേ ഞങ്ങൾ പരിചയക്കാരായി.ഞാൻ ഒടുവിലെടുത്ത ഇടവപ്പാതി എന്ന സിനിമയിൽ ജഗതിക്ക് ഇരട്ടവേഷമായിരുന്നു.ആ സിനിമയിൽ അഭിനയിക്കാൻ കുടകിലേക്ക് വരുമ്പോഴാണ് ജഗതിക്ക് അപകടമുണ്ടായത്.തലേന്നു രാവിലെ വിളിക്കുമ്പോൾ ബാംഗളൂരിലേക്ക് ഫ്ളൈറ്റിൽ വന്നിട്ട് കുടകിൽ കാർ മാർഗ്ഗമെത്താൻ ഞാൻ ജഗതിയോട് പറഞ്ഞതായിരുന്നു.ലെനിൻ വഴിയൊന്നും എന്നോട് പറയേണ്ടെന്നും അടുത്തദിവസം രാവിലെ ഏഴുമണിക്ക് ഷൂട്ടിംഗ് ഫിക്സ്ചെയ്തോളാനും ആ സമയം മേക്ക് അപ്പ് ടേബിളിൽ താൻ ഉണ്ടാകുമെന്നും ജഗതി പറഞ്ഞു.മലയാളസിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് ജഗതിക്ക് അഭിനയിക്കാൻ കഴിയാതായ സാഹചര്യം.
കെ.ആർ.നാരായണൻ
ഒറ്റപ്പാലത്ത് സി.പി.എം സ്ഥാനാർത്ഥിയായി രണ്ടുവണ ഞാൻ പാർലമെന്റിലേക്ക് കെ.ആർ.നാരായണനുമായി മത്സരിച്ചു.ആദ്യത്തെ തവണ 40000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു.എന്നാൽ രണ്ടാംവട്ടം നാരായണന്റെ ഭൂരിപക്ഷം 15000ത്തിലും താഴെയായിരുന്നു.ഞങ്ങൾ പരസ്പരം മത്സരിച്ചെങ്കിലും വലിയ സുഹൃത്തുക്കളായി. ഒറ്റപ്പാലം ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം.അദ്ദേഹം അതിരാവിലെ പ്രചാരണത്തിനിറങ്ങും. എനിക്കുള്ള കോഫികൂടി അദ്ദേഹം അവിടെ വച്ചിരിക്കും.ഉപരാഷ്ട്രപതിയായിരിക്കുമ്പോൾ ഒരിക്കൽ പത്രപ്രവർത്തകനായ വി.കെ.മാധവൻകുട്ടിയോടൊപ്പം ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ ഞാൻ പോയിരുന്നു.എന്നെകൂട്ടിക്കൊണ്ട് ചെല്ലാൻ അദ്ദേഹം മാധവൻകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.വലിയ സ്വീകരണമായിരുന്നു. നല്ല മനുഷ്യനായിരുന്നു.
(കേരളകൗമുദി ഓണപ്പതിപ്പിൽ നിന്ന്)