editorial-

പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപാസിനെച്ചൊല്ലിയുള്ള വിവാദങ്ങളും അവകാശ വാദങ്ങളും നിലയ്ക്കാൻ ഇനിയും സമയം എടുക്കും. ദേശീയപാതയിലൂടെ കടന്നുപോകേണ്ടിവരുന്ന വാഹനയാത്രക്കാരെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച വരദാനമാണ് പതിമൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബൈപാസ്. കൃത്യമായി പറഞ്ഞാൽ 47 വർഷം മുൻപ് ടി.കെ. ദിവാകരൻ മരാമത്തു മന്ത്രിയായിരിക്കെ തുടക്കമിട്ട കൊല്ലം ബൈപാസ് യാഥാർത്ഥ്യമാകാൻ അരനൂറ്റാണ്ടോളം കാലമെടുത്തു എന്നത് അതിശയം തന്നെയാണ്. പാതനിർമ്മാണം വിവിധ ഘട്ടങ്ങളിൽ എത്തിച്ചതിന്റെ ഖ്യാതി സ്വന്തമാക്കാൻ ഇരു മുന്നണികളുടെയും നേതാക്കൾ ഇപ്പോഴും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണികളോട് കൂറും അനുഭാവവും പുലർത്തുന്ന പ്രവർത്തകരും ചേരിതിരിഞ്ഞ് വാക്‌പോരിൽ ഏർപ്പെടുന്നുണ്ട്. ഇതിലൊന്നും പെടാത്തവരുടെ മനസിലുയരുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. ബൈപാസ് നിർമ്മാണം പല ഘട്ടങ്ങളിലായി ദീർഘനാൾ സ്തംഭിച്ചു കിടന്നപ്പോൾ ഇപ്പോൾ അവകാശവാദമുന്നയിക്കുന്നവരും ആവേശം കൊള്ളുന്നവരുമൊക്കെ എവിടെയായിരുന്നു എന്നതാണ് ആ ചോദ്യം. 2012 നവംബറിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരുന്നെങ്കിൽ ബൈപാസ് മൂന്നാം ഘട്ടത്തിന്റെ പണി ഇപ്പോഴും കടലാസിൽത്തന്നെ ശേഷിക്കുമായിരുന്നു എന്നതാണ് യഥാർത്ഥ വസ്തുത. ബൈപാസ് പൂർത്തീകരിക്കുന്ന കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ നിർബന്ധിതമാക്കുന്ന വിധത്തിലുള്ളതായിരുന്നു അന്ന് കോടതി പുറപ്പെടുവിച്ച ഉത്തരവ്. സ്തംഭിച്ചുകിടന്ന ബൈപാസ് പണി വീണ്ടും തുടങ്ങാനുള്ള സാഹചര്യമുണ്ടായത് അങ്ങനെയാണ്.

1972 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടന്നെങ്കിലും നിർമ്മാണം തുടങ്ങാൻ രണ്ടു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. മൂന്നു കിലോമീറ്റർ പൂർത്തിയായതോടെ പണി നിലച്ചു.

മൂന്നേമുക്കാൽ കോടി രൂപയേ ആദ്യഘട്ടം നിർമ്മാണത്തിനായി ചെലവാക്കേണ്ടിവന്നുള്ളൂ. രണ്ടാം ഘട്ടമായി ഒന്നര കിലോമീറ്റർ കൂടി 1999-ൽ പൂർത്തിയായി. അതിനും ചെലവ് രണ്ടേമുക്കാൽ കോടിയിൽ ഒതുങ്ങി. ശേഷിക്കുന്ന ഒൻപതു കിലോമീറ്റർ പൂർത്തിയാക്കാൻ പിന്നെയും എടുത്തു നീണ്ട പതിനെട്ടു വർഷം. കൊല്ലം ബൈപാസിന്റെ മൊത്തം നിർമ്മാണച്ചെലവ് ഇതോടെ 352 കോടി രൂപയായി കുതിച്ചുയർന്നുകഴിഞ്ഞിരുന്നു. ബൈപാസിന്റെ പേരിൽ ഇപ്പോൾ അഭിമാനം കൊള്ളുന്നവരും പിതൃത്വം അവകാശപ്പെടുന്നവരുമൊക്കെ ഇക്കാലമത്രയും ഇവിടെത്തന്നെ ഉണ്ടായിരുന്നു. സ്തംഭിച്ചുനിന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഇരുമുന്നണികളിലും പെട്ട ജനപ്രതിനിധികൾ തങ്ങളാൽ കഴിയുംവിധം ശ്രമിച്ചിട്ടുണ്ടെന്നുള്ളത് നന്ദിപൂർവം തന്നെ സ്മരിക്കേണ്ടതുണ്ട്. അതേസമയം തന്നെ സംസ്ഥാനത്തിനും ജനങ്ങൾക്കും അത്യധികം ഉപകരിക്കുന്ന ഒരു പദ്ധതിയുടെ നിർവഹണത്തിൽ വന്ന അത്യസാധാരണമായ കാലവിളംബത്തിനുള്ള ഉത്തരവാദിത്വവും അവർ തന്നെ ഏല്ക്കേണ്ടതുണ്ട്. സർക്കാരും ജനപ്രതിനിധികളും കുറച്ചുകൂടി താത്‌പര്യവും നിശ്ചയദാർഢ്യവും കാണിച്ചിരുന്നുവെങ്കിൽ വളരെ മുൻപേ തന്നെ ബൈപാസ് യാഥാർത്ഥ്യമാകുമായിരുന്നു.

അടിസ്ഥാന വികസന പദ്ധതികളുടെ നടത്തിപ്പിൽ അവശ്യം ഉണ്ടാകേണ്ട ചുറുചുറുക്കും അർപ്പണബോധവും കുറയുന്നതാണ് അവയുടെ പൂർത്തീകരണം മന്ദഗതിയിലാകാൻ പ്രധാന കാരണം. നിർമ്മാണം വൈകുന്തോറും ചെലവും ദുർവഹമാകും. നേരത്തെ നിശ്ചയിക്കപ്പെട്ട തുക അധികമാകുന്നതോടെ സാങ്കേതിക തടസങ്ങൾ തലപൊക്കും. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചെടുക്കാൻ വരുന്ന കാലതാമസം പദ്ധതിയെ ഒട്ടൊന്നുമല്ല ബാധിക്കുന്നത്. കൊല്ലം ബൈപാസിന്റെ കാര്യത്തിലും ഇത്തരം വൈതരണികൾ ധാരാളമായിരുന്നു. അവസാന ഘട്ടത്തിലെ സ്തംഭനം നീക്കാൻ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ആത്മാർത്ഥതയോടെ ഇടപെട്ടതു കൊണ്ടുതന്നെയാണ് ഇപ്പോഴെങ്കിലും പദ്ധതി യാഥാർത്ഥ്യമായത്. പരസ്പരം പഴിചാരി ഈ നല്ല മുഹൂർത്തത്തിന്റെ ചാരുത ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നിരർത്ഥകമാണ്. ജനങ്ങൾ കാത്തിരുന്നത് ബൈപാസിന്റെ പൂർത്തീകരണമാണ്. അത് യാഥാർത്ഥ്യമായത് പലരുടെയും ശ്രമഫലമായിട്ടാണ്. ഒരു കൂട്ടർ കൂടുതൽ ശ്രമിച്ചുവെന്നോ മറ്റേ കൂട്ടർ വേണ്ടപോലെ ശ്രമിച്ചില്ലെന്നോ പറഞ്ഞ് കലഹം കൂടുന്നതിൽ അർത്ഥമില്ല. ജനങ്ങളുടെ സ്വപ്നമായ കൊല്ലം ബൈപാസ് യാഥാർത്ഥ്യമായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിജയം. ശ്രമിച്ചിരുന്നെങ്കിൽ ഇതു വളരെ നേരത്തെ സാദ്ധ്യമാകുമായിരുന്നു എന്നതും സത്യമാണ്. അഹങ്കരിക്കാനും മേനിനടിക്കാനും ആരും ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം.