ആറ്റിങ്ങൽ: ചികിത്സയ്ക്ക് വകയില്ലാതെ ഒരു നിർദ്ധന കുടുംബം സുമനസുകളുടെ കരുണ തേടുകയാണ്. തൊപ്പിച്ചന്ത കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ പരമേശ്വരൻ പിള്ളയുടെയും ഇന്ദിരാമ്മയുടെയും മകൻ ഗിരീശനാണ് (46) ചികിത്സാ സഹായം തേടുന്നത്. പന്തൽ ജോലിക്കാരനായിരുന്ന ഗിരീശൻ ആറു മാസം മുമ്പ് ജോലിക്കിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. തുടർന്ന് മൂന്നു മാസത്തോളം ചികിത്സയിലായിരുന്നു. തുടർ ചികിത്സയ്ക്ക് പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ ഇപ്പോൾ വീട്ടിൽ കിടപ്പാണ്. ഗിരീശന്റെ വരുമാനം കൊണ്ടാണ് കുടുംബം അല്ലലില്ലാതെ കഴിഞ്ഞു പോന്നത്. ഇപ്പോൾ മാസം തോറും പതിനായിരം രൂപയിലധികം രൂപ ചികിത്സയ്ക്കും മരുന്നിനുമായി വേണം. ബന്ധുക്കളുടെ സഹായത്തോടെയാണ് ഇത്രയും നാൾ കഴിഞ്ഞിരുന്നത്. ഭാര്യ നിഷ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിക്കു പോയാണ് നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തുന്നത്. വിദ്യാർത്ഥികളായ രണ്ടു മക്കളുണ്ട് ഇവർക്ക്. എല്ലാ മാസവും ആംബുലൻസിലാണ് ഗിരീശനെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്. ഏകദേശം മൂവായിരം രൂപയോളം ഇതിനു മാത്രം ചെലവുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നതിലൂടെ ചെറിയ തോതിൽ ചലനശേഷി കൈവരിക്കാനായെങ്കിലും പൂർണമായും ഭേദപ്പെടണമെങ്കിൽ ന്യൂറോ സർജറി ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. അതിനുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് ഈ കുടുംബം. പണി പൂർത്തിയാകാത്ത വീട്ടിൽ താമസിക്കുന്ന ഈ കുടുംബം സുമനസുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. സഹായത്തിനായി നാട്ടുകാരായ ചെറുപ്പക്കാരും ഇവർക്കൊപ്പമുണ്ട്. ഇതിനായി എസ്.ബി.ടി. മാമം ബ്രാഞ്ചിൽ ഭാര്യ നിഷയുടെ പേരിൽ ഇവർ 67279010366 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ് എസ്.ഇ കോട്: - SBIN0070039. വിലാസം: ഗിരീശൻ. പി, കാട്ടുവിള വീട്, പെരുങ്കുളം പി.ഒ, ആലംകോട്, ആറ്റിങ്ങൽ.