secrateriate

തിരുവനന്തപുരം: എയിഡഡ് സ്‌കൂളുകളിൽ നിയമനം നേടി,​ മൂന്നു വർഷമായിട്ടും ശമ്പളം ലഭിക്കാത്ത അദ്ധ്യാപക- അനദ്ധ്യാപകർ സെക്രട്ടേറിയറ്റിനു മുന്നിൽ ഭിക്ഷാടന സമരം തുടങ്ങി. എയ്ഡഡ് സ്കൂൾ നോൺ- അപ്രൂവ്ഡ് സ്റ്റാഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.

കാൽനട, വാഹനയാത്രക്കാരോട് ബക്കറ്റുമായെത്തിയാണ് ഇവർ ഭിക്ഷ യാചിക്കുന്നത്. 2016 ജനുവരി 30 മുതൽ നിയമനം നേടിയ 2500 ലേറെ അദ്ധ്യാപകർ സമരരംഗത്തുണ്ട്. സമരം 21വരെ തുടരുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.കെ. പൊന്നുമണി പറഞ്ഞു.

1979 മേയ് 22നുശേഷം അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകളിലേക്ക് അദ്ധ്യാപക ബാങ്കിൽ നിന്ന് നിയമനം നടത്തണമെന്ന 2016ലെ കെ.ഇ.ആർ ഭേദഗതിയാണ് ഇവർക്ക് നിയമനാംഗീകാരം ലഭിക്കുന്നതിന് തടസമായത്. ചട്ടഭേദഗതിക്ക് എതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് മാനേജ്‌മെന്റുകൾ ഇവർക്ക്‌ നിയമനം നൽകിയത്.