economic-reservation

തിരുവനന്തപുരം: തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായി, സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർക്കാർ പുതിയ ചില മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്ന് സൂചന.

കേരളത്തിലെ പ്രത്യേക സാമൂഹിക സാഹചര്യത്തിൽ കേന്ദ്ര നിയമത്തിലെ മാനദണ്ഡങ്ങൾ അതേപടി പകർത്തേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കേന്ദ്ര മാനദണ്ഡ പ്രകാരം സാമ്പത്തിക

സംവരണത്തിന് അർഹത നേടാനുള്ള വാർഷിക കുടുംബ വരുമാന പരിധി 8 ലക്ഷം രൂപയാണ്. ഇത് ആറോ,​ ഏഴോ ലക്ഷമായി കുറച്ചാൽ ഈ വിഭാഗങ്ങളിലെ കൂടുതൽ ദരിദ്ര വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അപേക്ഷകന്റെ വീടിന്റെ വിസ്തൃതി 1000 ചതുരശ്ര അടിയിൽ താഴെയായിരിക്കണമെന്നതാണ് കേന്ദ്ര നിയമത്തിലെ മറ്റൊരു വ്യവസ്ഥ. സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിന് അർഹതയുള്ള പലർക്കും ഇതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കാൻ ഈ പരിധി 1200 ചതുരശ്ര അടി വരെയായി ഉയർത്താനാണ് ആലോചിക്കുന്നത്. സ്വന്തമായുള്ള ഭൂമിയുടെ വിസ്തൃതി അഞ്ചേക്കർ വരെയാകാമെന്നതാണ് കേന്ദ്ര നിയമത്തിലെ മൂന്നാമത്തെ വ്യവസ്ഥ. ഈ പരിധിയിൽ കുറവ് വരുത്തേണ്ടതുണ്ടോ എന്ന കാര്യവും സർക്കാർ പരിഗണിക്കും. ഇപ്പോൾ ഓരോ സംസ്ഥാനത്തും പിന്തുടരുന്ന സംവരണ രീതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ,​ സാമ്പത്തിക സംവരണത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഒാരോ സംസ്ഥാനത്തിനും അനുയോജ്യമായ മാറ്റം കൊണ്ടുവരാമെന്ന് കേന്ദ്ര നിയമത്തിൽ പറയുന്നുണ്ട്.

എൽ.ഡി.എഫും മന്ത്രിസഭയും ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ.

17ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചയുണ്ടായേക്കും. സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ നിയമ നിർമ്മാണം ആവശ്യമാണ്. ഈ മാസം 25ന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിനു ശേഷമുള്ള അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് ആലോചന. അതിന് ശേഷമേ സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പിലാക്കാനാവൂ.