വളരെ വർഷങ്ങൾക്ക് മുൻപ് ഞാൻ ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു, കുറച്ചു കാലം. അന്നവിടെ മൂന്നു ഫിലിം ഓഫീസർമാരായിരുന്നു സിനിമാ വ്യവസായവുമായുള്ള ആ സ്ഥാപനത്തിന്റെ കണ്ണികൾ. കെ.ആർ.മോഹനൻ, ലെനിൻ രാജേന്ദ്രൻ, വി.ആർ.ഗോപിനാഥ് എന്നീ മൂന്നു പ്രഗത്ഭ സംവിധായകർ. അന്ന് മുതൽക്കുള്ള പരിചയമാണ് ലെനിനുമായി. ഉദ്യോഗസ്ഥരായല്ല കലാകാരന്മാരായിത്തന്നെ ഇവരെ പരിഗണിക്കാൻ ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു. കലാകാരന്മാരായതുകൊണ്ടാണല്ലോ അവരെ ആ സ്ഥാപനത്തിൽ നിയമിച്ചത് തന്നെ.
ലെനിനുമായി കൂടുതൽ വ്യക്തിബന്ധം ഉണ്ടാകുന്നത് ഞാനൊരു ഗാനരചയിതാവായും ലെനിൻ ഡയറക്ടറായും രണ്ടു സിനിമകളിൽ സഹകരിച്ചപ്പോഴാണ്. 'മഴ' എന്ന സിനിമയ്ക്ക് വേണ്ടി ത്യശ്ശൂർ രാമനിലയത്തിലിരുന്നു രണ്ടു ഗാനങ്ങളുടെ സന്ദർഭം ഭംഗിയായി ലെനിൻ വിവരിച്ചു തന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. എന്താണ് തനിക്കു വേണ്ടതെന്ന കൃത്യമായ ധാരണ എഴുത്തുകാരനുമായി പങ്കുവയ്ക്കുന്ന ശൈലി വലിയൊരനുഗ്രഹമാണ്. കാരണം എഴുത്തുകാരന് സംവിധായകന്റെ ഉദ്ദേശ്യം എന്തെന്ന് അറിയണം. എഴുതിക്കഴിഞ്ഞിട്ടു ഇതല്ലായിരുന്നു എനിക്ക് വേണ്ടിയിരുന്നതെന്നു പറയുന്നതിലും എത്ര മികച്ചതാണ് ഈ സമീപനം.
സംവിധായകന്റെ ആവശ്യം അറിഞ്ഞെഴുതപ്പെടുന്ന പാട്ടുകൾക്ക് വേരുറപ്പും ആയുസ്സും കൂടും. ചലച്ചിത്രസന്ദർഭത്തിൽ അത് തഴയ്ക്കും. പിന്നെ 'മഴ'യുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് ഒരു രാത്രി പുതിയൊരു പാട്ടിന്റെ സന്ദർഭം ലെനിൻ ഫോണിലൂടെ പറഞ്ഞു തരുന്നത്. പിറ്റേന്ന് രാവിലെ വേണം എന്ന നിബന്ധനയോടെ. അതാണ് 'അത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും'എന്ന ഗാനം. തുടർന്നു 'മകരമഞ്ഞ്' എന്ന സിനിമയ്ക്ക് വേണ്ടിയും ഒരു ഗസൽ എഴുതി ലെനിന്റെ ചിത്രത്തിൽ ഞാൻ ഭാഗഭാക്കായി.
ലെനിൻ എന്ന ചലച്ചിത്രകാരന്റെ ലാവണ്യസങ്കല്പം ഒട്ടൊക്കെ മനസ്സിലാക്കാൻ ഈ ചലച്ചിത്രങ്ങളിലെ സഹകരണത്തിലൂടെ സാധിച്ചു. സമ്പൂർണ കലാകാരനായിരുന്നു ലെനിൻ. ധീരമായ കലാസമീപനങ്ങൾ സ്വീകരിക്കാൻ ആ സംവിധായകന് മടിയുണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടെ ആന്തരിക ലോകം പകർത്തുന്നതിലാണ് ലെനിന്റെ സവിശേഷ ചാതുരി.
മലയാള സർവകലാശാലയിലെ ദർശിനി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനും 2017ൽ ലെനിൻ തിരൂരിൽ വന്നു. ലെനിൻ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനങ്ങളും അന്ന് നടന്നു. അനാരോഗ്യം വകവയ്ക്കാതെ ഒരു ദിവസം മുഴുവൻ ലെനിൻ വിദ്യാർത്ഥികൾക്കൊപ്പം ചെലവിട്ടതോർക്കുന്നു.
സിനിമയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം. സമൂഹത്തിന്റെ സമകാലിക സ്പന്ദനങ്ങൾക്കൊപ്പം നമ്മുടെ ചരിത്രത്തിലേക്കും സംസ്‌കൃതിയിലേക്കും തന്റെ സർഗനേത്രം തിരിച്ച കലാകാരൻ. സൗമ്യമായി മാത്രം സംസാരിക്കുന്ന ഉൾക്കരുതിന്റെ ഉടമ. ലെനിന് മാത്രം സാധിക്കുന്ന ശൈലിയിൽ ലെനിന് മാത്രം സ്വന്തമായ സൗന്ദര്യബോധത്തോടെയും ചരിത്രബോധത്തോടെയും സിനിമകൾ നെയ്‌തെടുത്ത സുഹൃത്ത് യാത്രയായി. അപൂർണമായ ചലച്ചിത്രങ്ങളുടെ രൂപരേഖകൾ ബാക്കി വച്ച്. ജീവിതം അങ്ങനെയാണ്. അർദ്ധവിരാമമിടേണ്ടിടത്തു മൃത്യുവിന്റെ പൂർണ്ണവിരാമചിഹ്നം ഇട്ടുകളയും പലപ്പോഴും.