തിരുവനന്തപുരം: ശബരിമല കർമ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഈ മാസം 20ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും. അദ്ധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും. രണ്ടു ലക്ഷംപേർ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന യാത്രകൾ കിഴക്കേകോട്ടയിൽ സംഗമിക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്.
ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ 18ന് രാവിലെ അയ്യപ്പമണ്ഡപങ്ങൾ ഒരുക്കും. മൂന്നു ദിവസം ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കുംവച്ച് പൂജയുണ്ടാകും. 18ന് വൈകിട്ട് നഗരത്തിൽ വനിതകളുടെ വാഹനപ്രചാരണയാത്രയും നടത്തും.
സ്വാഗത സംഘം ഓഫീസ് കോട്ടയ്ക്കകം ശ്രീരാമ ആഞ്ജനേയ വേദപാഠശാലയിൽ റിട്ട. ജില്ലാ ജഡ്ജി എസ്.എസ്. വാസൻ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻനായർ അദ്ധ്യക്ഷത വഹിച്ചു.