നേമം : പാപ്പനംകോടിന് സമീപം കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവിന് കൈവരി ഇടിഞ്ഞതിനെ തുടർന്ന് ദാരുണാന്ത്യം. പാപ്പനംകോട് സത്യൻ നഗർ സ്റ്റേഡിയത്തിന് സമീപം കൊല്ലംകോണത്ത് വാടകയ്‌ക്ക് താമസിക്കുന്ന സനൽകുമാറാണ് (35) മരിച്ചത്.
സത്യൻ നഗർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിന് സമീപത്ത് ജോസഫിന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. കിണർ വൃത്തിയാക്കാനിറങ്ങിയ സനൽകുമാറിന്റെ ശരീരത്തിൽ കയറും കപ്പിയും കൊളുത്തിയ ഇഷ്‌ടികക്കെട്ട് തകർന്ന് വീഴുകയായിരുന്നു.
കിണറിന് 100 അടിയോളം ആഴമുണ്ട്. സനൽകുമാർ 50 അടി താഴ്‌ചയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് കിണറ്റിൽ വീണ സനൽകുമാറിനെ ചെങ്കൽ ചൂളയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം ഒരു മണിക്കൂർ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ബോധരഹിതനായ സനൽകുമാറിനെ നേമം പൊലീസിന്റെ വാഹനത്തിൽ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : മഞ്ജു. മക്കൾ : ഗൗരി (രണ്ടാം ക്ലാസ് വിദ്യാർത്ഥി), കാർത്തികേയൻ (നഴ്സറി വിദ്യാർത്ഥി), കീർത്തി (ഒന്നര വയസ്). നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ സനൽകുമാർ. മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.