keralap

തിരുവനന്തപുരം: വിവാഹ ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കളും മറ്റും കാട്ടിക്കൂട്ടുന്ന അതിരുവിട്ട തമാശകൾ ക്രമസമാധാന പ്രശ്‌നമായി മാറുന്നുവെന്ന് പൊലീസ്. നിരവധി പരാതികളുയർന്നതോടെ ഇത്തരം റാഗിംഗ് നിയന്ത്രിക്കണമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് യുവതലമുറയ്ക്ക് മുന്നറിയിപ്പ് നൽകി.

ഒത്തുചേരലിന്റെ സന്തോഷത്തെ ഇല്ലാതാക്കുന്ന റാഗിംഗും തമാശകളും ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കാറുമുണ്ട്. റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലിൽ കലാശിച്ചിട്ടുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസികനില തെ​റ്റി വിവാഹദിനം തന്നെ വിവാഹമോചനത്തിൽ എത്തിയ സംഭവവുമുണ്ടായി.

രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദന റാഗ് ചെയ്യുന്നവർ മനസിലാക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എതിർക്കാതെ മൗനംപാലിക്കുന്നതാണ് റാഗിംഗിന് വളമാവുന്നതെന്നും പൊലീസ് പറയുന്നു.

വരനെയും വധുവിനെയും അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക, വാഹനം തടഞ്ഞുനിറുത്തി റോഡിൽ നടത്തുക, സൈക്കിൾ ചവിട്ടിപ്പിക്കുക, ഗുഡ്സ് വാഹനങ്ങളിലും ജെ.സി.ബിയിലും കയ​റ്റുക, വട്ടപ്പേരുകൾ വച്ച് ഫ്ലക്‌സ് അടിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും പാട്ടുപാടിയും ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കുക എന്നിവയെല്ലാം വ്യാപകമായിട്ടുണ്ട്. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടുപോവുന്നതും റാഗിംഗിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്നതുമായ വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു.

വിവാഹദിനങ്ങളിൽ ഇത്തരം സംഭവങ്ങൾ കണ്ണീർവീഴ്‌ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ തുടങ്ങിയവ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിക്കും വീട്ടുകാരും സമീപവാസികളുമായുള്ള തർക്കങ്ങൾക്കും ഇടയാക്കുന്നു. ഒടുവിൽ പരാതിയുമായി പൊലീസിനെ സമീപിക്കുന്നതിൽവരെ കാര്യങ്ങൾ എത്തുന്നു.