വിതുര: പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര ആനപ്പാറ ചിറ്റാർ ജംഗ്ഷനിലെ മുള്ളിലവ് മരത്തിൽ ചേക്കേറിയിരിക്കുന്ന തേനീച്ചകൾ ചിറ്റാർ ഗ്രാമവാസികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലങ്ങളായി. മുള്ളിലവ് മരത്തിലും തൊട്ടടുത്ത് നിൽക്കുന്ന മറ്റൊരു മരത്തിലും പത്തോളം കൂടുകളിലായാണ് തേനീച്ചകളുടെ വാസം. ഈ മരത്തിന്റെ ശിഖിരങ്ങൾ തേനീച്ചകൾ കൈയടക്കിയിട്ട് രണ്ട് പതിറ്റാണ്ടോളമായി. ഏതെങ്കിലും വിധത്തിൽ ഈ കൂട്ടിൽ അനക്കം തട്ടിയാൽ പിന്നെ ചിറ്റാർ നിവാസികൾക്ക് തേനീച്ചയുടെ കുത്ത് ഉറപ്പാണ്. അനവധി തവണ കടന്നലുകളുടെ ആക്രമണത്തിന് ഇവിടുത്തുകാർ വിധേയരായിട്ടുണ്ട്. മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയതുമൂലം ന്യൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ്റാർ പാലത്തിനും ബലക്ഷയമുണ്ട്.
നൂറ്റാണ്ട് പഴക്കമുള്ളചിറ്റാർ പാലത്തോട് ചേർന്നാണ് മുള്ളിലവ് മരം. മരം മുറിച്ചുമാറ്റി തേനീച്ച ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നിവേദനം നല്കിയിരുന്നു. തിരഞ്ഞെടുപ്പ് വേളയിലും തേനീച്ച ശല്യം രാഷ്ട്രീയ വിഷയമാകാറുണ്ട്. ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരണവും പൊൻമുടി- വിതുര റോഡ് ഉപരോധ സമരവും വരെ നടന്നിട്ടുണ്ട്. എന്നിട്ടും തേനീച്ചകൾ മരച്ചില്ലയിൽ സുഖമായിത്തന്നെയുണ്ട്.
പത്ത് വർഷം മുൻപ് നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി തേനിച്ചയെ കരിച്ചുകളയുന്നതനായി 25000 രൂപ അനുവദിച്ചു. തുടർന്ന് രാത്രിയിൽ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മരത്തിലെ മുഴുവൻ തേനീച്ചകളെയും തീയിട്ട് നശിപ്പിച്ചിരുന്നു. കൂട് കത്തയതോടെ മുള്ളിലവ് മരത്തിന് കീഴെ തേനൊഴുകുകയും ചെയ്തു. അന്ന് തത്കാലം തേനീച്ച ശല്യത്തിന് ശമനം ഉണ്ടായെങ്കിലും ആറ് മാസത്തിന് ശേഷം വീണ്ടും തേനീച്ചകൾ സ്ഥാനം പിടിച്ചു. ഇപ്പോൾ മരത്തിന്റെ ശിഖരങ്ങൾ തേനീച്ചയുടെ കേന്ദ്രമാണ്.