1

വിഴിഞ്ഞം: കുടുംബത്തിന്റെ അത്താണിയാകേണ്ട യുവാവിന്റെ മനോനില തകരാറിലായപ്പോൾ രോഗബാധിതയായ അമ്മയും ഭർത്താവ് ഉപേക്ഷിച്ച സഹോദരിയും കുട്ടിയും ഉൾപ്പെടെയുള്ള കുടുംബം മുഴു പട്ടിണിയിലായി. വല്ലപ്പോഴും അയൽവാസികളും നാട്ടുകാരും നൽകുന്ന ഭക്ഷണത്തിലാണ് ഇവർ ജീവൻ നിലനിറുത്തുന്നത്.

വിഴിഞ്ഞം തെരുവ് തെങ്ങുവിള വിജയ ഭവനിൽ വിജയകുമാരിയും (55) മകൻ രാജേഷും (33) അടങ്ങുന്ന കുടുംബമാണ് ദുരിത കയത്തിൽ മുങ്ങിത്താഴുന്നത്. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയ വിജയകുമാരി വീട്ടുജോലികൾ ചെയ്താണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും. പ്രീഡിഗ്രി വരെ പഠിച്ച രാജേഷ് വീട്ടിലെ ദുരിതാവസ്ഥയെ തുടർന്ന് സെക്യൂരിറ്റി ജോലിയെടുത്തും മറ്റ് കൂലി പണി ചെയ്തുമാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ രണ്ടരവർഷം മുമ്പ് രാജേഷിന്റെ മനോനില താളംതെറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിക്കുന്നുണ്ടെങ്കിലും മാനസിക നില ശരിയായി വീണ്ടെടുക്കാനായിട്ടില്ല. മകനെ ഒറ്റയ്ക്കാക്കി ഒരിടത്തേക്കും പോകാനാവാത്ത സ്ഥിതിയിലാണ് വിജയകുമാരി. അടച്ചുറപ്പില്ലാത്ത വീട്ടിൽ പട്ടിണിയിൽ കഴിയുകയാണ് ഇവർ.