തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് സംയുക്തതൊഴിലാളി സംഘടനകളുമായി ഇന്ന് രാവിലെ പത്തിന് നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ രാത്രി 12 മുതൽ ബസ് സർവീസുകൾ നിലയ്ക്കും. ഇടതു വലത് തൊഴിലാളി സംഘടനകളുടെ സംയുക്ത സമതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നാൽ സ്ഥാപനം വൻസാമ്പത്തിക പ്രതിസന്ധിയിലാകും.
ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ച പണിമുടക്ക് ചർച്ചകളുടെ അടിസ്ഥാനത്തിൽ പലതവണ മാറ്റിവയ്ക്കുകയായിരുന്നു. അനുകൂല തീരുമാനമാകാതെ ഇത്തവണ പിൻമാറില്ലെന്ന് സമരസമിതി നേതാക്കൾ പറയുന്നു. പണിമുടക്ക് ഒഴിവാക്കുന്നതിൽ സർക്കാർ നിലപാട് നിർണായകമാണ്. തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ സഹായമില്ലാതെ നടപ്പാക്കാൻ മാനേജ്‌മെന്റിന് കഴിയില്ല. ശമ്പള പരിഷ്‌കരണം, ആനുകൂല്യവിതരണം തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ സർക്കാർ സഹായമില്ലാതെ ഏറ്റെടുക്കാനാകില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. എന്നാൽ, ഡി.എ അനുവദിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കാൻ നിയമപരമായ തടസമുണ്ട്.
ഡ്യൂട്ടി പരിഷ്‌കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാത്രമേ പെട്ടെന്നൊരു ഒത്തുതീർപ്പിന് സാദ്ധ്യതയുള്ളൂ.
സർക്കാർ നയമല്ല എം.ഡി. ടോമിൻ തച്ചങ്കരി നടപ്പാക്കുന്നതെന്ന് സി.ഐ.ടി.യുവിന്റെയും എ.ഐ.ടി.യു.സിയുടെയും സംസ്ഥാനനേതാക്കളടക്കം ആരോപിക്കുന്നു. തന്റെ നടപടികൾ സ്ഥാപനത്തെ പുനരുദ്ധരിക്കാൻ സർക്കാർ നിയോഗിച്ച പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് തച്ചങ്കരി പറയുന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയൻ എന്നിവയാണ് സംയുക്ത സമിതി രൂപീകരിച്ചത്.