തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനം നടന്നതിനെ തുടർന്ന് തന്ത്റി നടത്തിയ ശുദ്ധിക്രിയ ശരിയാണെന്നും അതിന്റെ പേരിൽ കോടതിയലക്ഷ്യ നടപടികൾ തന്ത്റി നേരിടേണ്ടി വരില്ലെന്നും റിട്ട. ജില്ലാ ജഡ്ജി എസ്.എസ്. വാസൻ പറഞ്ഞു. തിരുവനന്തപുരത്ത് 20ന് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. 2018 സെപ്തംബർ 22ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി അവസാനവാക്കല്ലെന്ന് അർത്ഥം.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അധികാരമില്ലെന്ന വിധി പ്രഖ്യാപിച്ചത് വാസനായിരുന്നു.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻനായർ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പഭക്തർക്കൊപ്പം മാതാ അമൃതാന്ദമയി ഉണ്ടാകുമെന്ന് തിരുവനന്തപുരം കൈമനം ആശ്രമത്തിലെ സ്വാമി ശിവാമൃത ചൈതന്യ പറഞ്ഞു.
ശബരിമല മുൻ മേൽശാന്തി ഗോശാല വാസുദേവൻ , പ്രൊഫി. പി. തങ്കമണി, കാലടി ബോധാനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ സരസ്വതി, ടി.വി പ്രസാദ് ബാബു, കൺവീനർ ദേവീദാസ് തുടങ്ങിയവർ സംസാരിച്ചു.